കോട്ടയം : വിജ്ഞാനത്തിന്റെ വിസ്ഫോടനമുയർത്തി, വിനോദത്തിന്റെ മാറ്റുണർത്തി ബസേലിയസ് കോളജ് കാർണിവൽ ‘ലൂമിനോറ’. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽനിന്നുമായി വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും പൊതുജനങ്ങളുമായി 3000-ൽ അധികം പേരാണ് ഇന്നലെ ‘ലൂമിനോറ- ബസേലിയസ് കാർണിവൽ 2K25’ ശാസ്ത്രസാങ്കേതിക പ്രദർശനം കാണാനെത്തിയത്. ഇതിനൊപ്പം വേദിയിൽ കലാസന്ധ്യയും വീഥിയിൽ ഭക്ഷ്യമേളയും കൂടി ഒരുക്കിയതോടെ അക്ഷരാർത്ഥത്തിൽ കാർണിവൽ വർണാഭമായ അനുഭവമായി മാറി. ശാസ്ത്രസാങ്കേതിക പ്രദർശനത്തിന് ഇന്ന് (മാർച്ച് 4ന്) തിരശ്ശീല വീണു. നാളെ (മാർച്ച് 5) ബസേലിയസ് സാഹിത്യോത്സവം നടക്കും. ഐഎസ്ആർഒയുടെ ആരംഭം മുതൽ ഉപഗ്രഹ വിക്ഷേപിണികളായ പിഎസ്എൽവി, ജിഎസ്എൽവി, എൽവിഎം-3, എസ്എസ്എൽവി, ആർഎൽവി എന്നിവയുടെ പ്രദർശനവും ശാസ്ത്രലോകത്ത് ശ്രദ്ധേയമായിത്തീർന്ന ചന്ദ്രയാൻ, മംഗൽയാൻ, ഗഗൻയാൻ എന്നിവയുടെ മാതൃകകളും തയ്യാറാക്കിയിരുന്നു.വാനനിരീക്ഷണം, റോബോർട്ടിക്സ്, വിർച്വൽ റിയാലിറ്റി, ടെക് എക്സ്പോ, മിനി പ്ലാനിറ്റോറിയം, ഗണിതമത്സരങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, കോളജിലെ ശാസ്ത്ര-സാങ്കേതിക-സാഹിത്യപഠനവിഭാഗങ്ങൾ ഒരുക്കിയ വിവിധ സ്റ്റാളുകളും കണ്ട് ട്രഷർഹണ്ട്, ഇ-ഫുട്ബോൾ ടൂർണമെന്റ്, സ്ക്വിഡ് ഗെയിംസ്, മിനി ബാസ്കറ്റ്ബോൾ, ഗോസ്റ്റ് ഹൗസ്, റിംഗ് ടോസ്സ് മുതലായ വിനോദ പരിപാടികളിലും പങ്കുചേർന്ന് ഭക്ഷ്യമേളയിൽ നിന്ന് രൂചിയൂറും വിഭവങ്ങളും കഴിച്ച് സംതൃപ്തിയോടെയാണ് പ്രദർശനം കാണാൻ എത്തിയവർ മടങ്ങിയത്.
ലൂമിനോറയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജു തോമസ് നിർവഹിച്ചു. പൂർവവിദ്യാർത്ഥിയും കെ.എം. ടെക്നോളജീസ് മാനേജിങ് ഡയറക്ടറുമായ സഞ്ജയ് ഐപ്പ് മുഖ്യാത്ഥിയായിരുന്നു. കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ.ഡോ. പി. ജ്യോതിമോൾ, ജനറൽ കൺവീനർ ഡോ. അഞ്ജു ലിൻഡ വർഗീസ്, കോളജ് ബർസാർ ഡോ. ആനി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഇന്നലെ വൈകിട്ട് നടന്ന കൾച്ചറൽ നൈറ്റായ ‘തരംഗി’ൽ എം.ജി. സർവകലാശാല എൻഎസ്എസ് യൂണിറ്റ് നയിക്കുന്ന നാടൻപാട്ടും ബസേലിയസ് കോളജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ നൃത്ത-നൃത്യ-നാട്യപരിപാടികളും പ്രശസ്ത വയലിനിസ്റ്റ് ജയദേവൻ നയിച്ച സംഗീതപരിപാടിയും അരങ്ങേറി. നാളെ (മാർച്ച് 5) നടക്കുന്ന സാഹിത്യോത്സവത്തിൽ രാവിലെ 9.30ന് സിംഫണി ഹാളിൽ കവിയരങ്ങ്, സാഹിത്യസംവാദം, മിസ്സിസ് മാമ്മൻ മാപ്പിള ഹാളിൽ നാടകക്കളരി എന്നിവ നടക്കും. സാഹിത്യോത്സവത്തിന്റെ ഭാഗമായി സാഹിത്യപ്രവർത്തക സഹകരണസംഘം ഒരുക്കുന്ന പുസ്തകോത്സവം നാളെകൂടി ഉണ്ടായിരിക്കും. പ്രദർശനങ്ങളിൽ പങ്കെടുത്ത സ്കൂളുകൾക്കും കോളജുകൾക്കുമുള്ള സർട്ടിഫിക്കേറ്റ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജുതോമസ് അതത് സ്കൂൾ കോളജുകൾക്ക് കൈമാറി.