കാഞ്ഞിരപ്പള്ളി : ഫയർഫോഴ്സ് ബസ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കവാടത്തിന് മുൻപിൽ കുടുങ്ങി. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരികെ മടങ്ങിയ അഗ്നിരക്ഷാസേനയുടെ മലപ്പുറത്തെ ആപ്ത മിത്ര വോളണ്ടിയേഴ്സിന്റെ ബസാണ് ദേശീയപാതയില്‍നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കുടുങ്ങിയത്.ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം.വോളണ്ടിയേഴ്സില്‍ ഒരാള്‍ക്ക് പനി കൂടുകയും പെട്ടെന്ന് തളർച്ചയുണ്ടാകുകയും ചെയ്തതോടെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ്.
ദേശീയപാതയില്‍നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് തിരിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് കവാടത്തിന്റെ സമീപത്തെ തിട്ടയില്‍ ബസ് കയറി കുടുങ്ങിയത്. ഇതോടെ ഒരുമണിക്കൂറോളം ദേശീയപാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. തുടർന്ന് ക്രെയിന്‍ ഉപയോഗിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ആപ്ത മിത്ര വോളണ്ടിയേഴ്സും ചേർന്ന് ബസ് മാറ്റുകയായിരുന്നു.