പാലാ : പാലാ നഗരസഭ ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികിൽസ വിഭാഗത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ അറിയിച്ചു. മൂന്ന് നിലകൾ വിഭാവനം ചെയ്ത് നാഷണൽ ആയുഷ് മിഷൻ ഫണ്ട് വഴി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് ആദ്യ നിലയുടെ നിർമ്മാണം ഇപ്പോൾ പൂർത്തിയാകുന്നത്. ആധുനിക സൗകര്യങ്ങളോടെ 13 കിടക്കകളാണ് ഈ മന്ദിരത്തിൽ സജ്ജീകരിക്കുക.1981ൽ അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണി അനുവദിച്ച ഹോമിയോ ആശുപത്രി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് വന്നിരുന്നത്. 2014 ൽ നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പുത്തൻപള്ളികുന്നിലെ സ്ഥലത്ത് സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം തുടർന്ന് വരുന്നു. 25 ബെഡ്ഡുകൾ ഉള്ള ഐ.പി.വിഭാഗവും വയോജന വിഭാഗം, പാലിയേറ്റിവ് വിഭാഗം, ഗർഭാശയമുഴ ക്ലിനിക്, കിഡ്നി സ്റ്റോൺ വിഭാഗം, ശിശുരോഗ വിഭാഗം തുടങ്ങി നിരവധി ചികിത്സാ വിഭാഗങ്ങളും പ്രവർത്തിക്കുന്നു.
ക്ലിനിക്കൽ ലാബും, ഫിസിയോ തെറാപ്പി വിഭാഗവും ഇവിടെയുണ്ട്.നഗരസഭയിൽ നിന്നും സമീപ പഞ്ചായത്തു പ്രദേശങ്ങളിൽ നിന്നുമായി ആയിരകണക്കിന് രോഗികളാണ് ഇവിടെ നിന്ന് ചികിൽസ തേടുന്നത്. പത്തോളം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഇവിടെ എത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ നിലവിലുള്ള സ്ഥലപരിമിതി കണക്കിലെടുത്തും കൂടുതൽ പേരെ കിടത്തി ചികത്സിക്കുകയെന്ന ഉദ്ദേശത്തോടെയും ആണ് നിലവിലുള്ള ആശുപത്രിക്ക് പിന്നിലായി പുതിയ ബളോക്ക് നിർമ്മിക്കുന്നത്. നിർമ്മാണ ഉദ്ഘാടനo ആരോഗ്യ മന്ത്രി വീണാ ജോർജ് തിങ്കൾ രാവിലെ 11ന് നിർവ്വഹിക്കും. ശിലാസ്ഥാപനം ജോസ്.കെ.മാണി എംപിയും നിർവ്വഹിക്കും. മാണി സി കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫ്രാൻസീസ് ജോർജ് എം.പി മുഖ്യാഥിതി ആയിരിക്കും. മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ മുഖ്യപ്രഭാഷണം നടത്തുന്ന യോഗത്തിൽ ഹോമിയോ വകുപ്പിലെ ഉദ്യേഗസ്ഥർ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർ ആശംസകൾ നേരും. കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച രോഗീ സൗഹൃദ്യ ഹോമിയോ ആശുപത്രിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു.