ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ കെ  ജോസഫ് ! മലയാളത്തിൻ്റെ ഇന്നച്ഛൻ്റെ ഓർമ്മകൾക്ക് ഒരാണ്ട് : മരണത്തിലും ചിരിപ്പിക്കുന്ന ഇന്നസെൻ്റ് 

ന്യൂസ് ഡെസ്ക് : മലയാള സിനിമാപ്രേക്ഷകർക്ക് ഒരായുസ് ഓർത്തോർത്ത് പൊട്ടിച്ചിരിക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റ് എന്ന മഹാനടൻ കഴിഞ്ഞ വർഷം മാർച്ച്‌ 26 ന് അരങ്ങൊഴിഞ്ഞത്.തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമ ഇന്നോളം കാണാത്ത സ്വതസിദ്ധമായൊരു അഭിനയശൈലി കൊണ്ടാണ് ഇന്നച്ചൻ എന്ന സിനിമാ ലോകം സ്നേഹലാളനയോടെ വിളിക്കുന്ന ഇന്നസെന്റ് ജീവിതവേഷം അഴിച്ച്‌ യാത്രയായത് മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും ഇന്നും തീരാ നോവാണ്. അഞ്ഞൂറിലേറെ സിനിമകള്‍ അത്രയും തന്നെ കഥാപാത്രങ്ങള്‍. മാന്നാർ മത്തായിയും കിട്ടുണ്ണിയും കെ.കെ ജോസഫും കെ.ടി മാത്യുവും ഇനാശുവും പണിക്കരും ശങ്കരൻകുട്ടി മേനോനും അയ്യപ്പൻ നായരും പൊതുവാളും വാര്യറും ഫാ തരക്കണ്ടവും ഡോ പശുപതിയും സ്വാമിനാഥനുമെല്ലാം സമ്മാനിച്ചാണ് ഈ മഹാനടന്റെ മടക്കം. 

Advertisements

തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ലവർ കോണ്‍വെന്റ് ഹൈസ്കൂള്‍, നാഷണല്‍ ഹൈസ്കൂള്‍, ഡോണ്‍ ബോസ്കോ എസ്.എൻ.എച്ച്‌.സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിർത്തി. അതിന് കാരണം ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ കൂടെ പഠിപ്പിച്ചവരെല്ലാം ഇപ്പോള്‍ മാഷുമാരായി ചേർന്നു. അവരെന്നെ പഠിപ്പിക്കുന്നത് എനിക്ക് ഇഷ്ടായില്ല. അവര് തന്നെ ചോദിക്കാൻ തുടങ്ങി, താനിവിടെ കൊറേക്കാലം ആയാല്ലോ, നല്ല പ്രായം ഉണ്ടല്ലോ എന്ന്. അതോടെ പഠിപ്പിന് സുല്ലിട്ടു. ഐഎസ്‌ആർ ഒ ചെയർമാനായിരുന്ന എസ് രാധാകൃഷ്ണനും അദ്ദേഹത്തിന്റെ സഹോദരൻ ശിവദാസനും വി.പി. ഗംഗാധരനുമെല്ലാം ഇന്നസെന്റിന്റെ സഹപാഠികളായിരുന്നു. തന്റെ പോലെ ‘ഇരുന്ന്’പഠിക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നില്ല എന്നതായിരുന്നു ഇന്നസെന്റിന്റെ ഭാഷ്യം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂള്‍ കാലം മുതല്‍ തന്നെ പൊതുപ്രവർത്തനത്തില്‍ തുടക്കം കുറിച്ചിരുന്നു ഇന്നസെന്റ്. പഠിക്കുമ്പോള്‍ ക്ലാസ് ലീഡറായിരുന്നു, പിന്നീട് മുനിസിപ്പല്‍ കൗണ്‍സിലറായി, യുവാവായി വിലസുമ്പോഴും വഴിയോര വർത്തമാനങ്ങള്‍ക്കിടയില്‍ തമാശകള്‍ പറയുമ്പോള്‍ ആളുകള്‍ ചിരിക്കുകയും അതിനിടയില്‍ ആളാവുന്നതുമൊക്കെ പതിവായി.. വോളിബോള്‍ കോച്ചായി.. നടനായി..നിർമാതാവായി.. എംപിയായി.. ഇനി തന്റെ ഉദ്ദേശ്യം വേറെയാണെന്ന് പറയുമായിരുന്നു ഇന്നസെന്റ്. 

പഠനം അവസാനിപ്പിച്ച്‌ പല ബിസിനസുകളും ചെയ്ത് ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും ഗുണം പിടിച്ചില്ലെന്ന് പറയുമായിരുന്നു അദ്ദേഹം. നാട്ടില്‍ ചില്ലറ നാടകങ്ങള്‍ ചെയ്താണ് അഭിനയം പരീക്ഷിക്കുന്നത്. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. നൃത്തശാലയായിരുന്നു ആദ്യ സിനിമ. അന്നത്തെ കാലത്ത് ഒട്ടുമിക്ക ഷൂട്ടിങുകള്‍ നടക്കുന്നത് മദ്രാസിലാണ്. സിനിമാക്കാരുടെ സ്വപ്ന ഭൂമി. ട്രെയിനില്‍ കയറാനുള്ള കാശ് സംഘടിപ്പിച്ച്‌ യാത്ര തിരിക്കും. ഏതെങ്കിലും സിനിമയില്‍ ചെറിയ വേഷമുണ്ടോ എന്ന് നോക്കി അലഞ്ഞു തിരിയും. ഭാഗ്യം കൊണ്ട് എന്തേലും ഒത്തുകിട്ടും. നടനെന്ന നിലയില്‍ ജാടയിട്ട് നാട്ടുകാരുടെ മുന്നിലൂടെ നടക്കുമ്ബോള്‍ അവർ ചോദിക്കും, അടുത്ത പടം എന്നാണെന്ന്. അങ്ങനെയൊന്നിനെക്കുറിച്ച്‌ നിശ്ചയമില്ലാത്തതിനാല്‍ ചമ്മിയ ചിരിയാരിക്കും മറുപടി. അഭിനയിച്ച ചിത്രങ്ങള്‍ നാട്ടില്‍ റിലീസ് ചെയ്യുമ്ബോള്‍ തിയേറ്ററില്‍ ചെന്നിരുന്ന് ഇന്നസെന്റ് നാട്ടുകാർക്കൊപ്പം പടം കാണും. സിനിമയില്‍ തന്നെ കാണുമ്ബോള്‍ തൊട്ടടുത്തുള്ള ആളുകളെനോക്കും. അവർ തിരിച്ചറിഞ്ഞോ എന്നറിയാൻ എന്നാല്‍ ആരും മൈൻഡ് ചെയ്യാതാകുമ്ബോള്‍ അമർഷമുണ്ടാകാറുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് ഇന്നെസെന്റ്. 

അതിനിടെ ഒരുപാട് വേഷങ്ങള്‍ ചെയ്തുവെങ്കിലും മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങളാണ് ഇന്നസെന്റിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷന്റെ ഒരു അവാർഡും ഇന്നസെന്റിന് ലഭിച്ചു. എന്നാല്‍ അതുകണ്ട് സിനിമാക്കാർ ആരും വിളിച്ചില്ലെങ്കിലും സിനിമകൊണ്ടു തന്നെ ജീവിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു ഇന്നസെന്റിന്. അതു തന്നെയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചതും. അഞ്ഞുറോളം സിനിമകളിലാണ് ഇന്നസെന്റ് വേഷമിട്ടത്. അവയില്‍ ഏതാനും ചിത്രങ്ങളടെ പേരുകള്‍ ഇങ്ങനെ

പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, കടിഞ്ഞൂല്‍ കല്യാണം, മിമിക്സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനല്‍ക്കാറ്റ്, ഉത്സവമേളം, മക്കള്‍ മാഹാത്മ്യം, അർജുനൻ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിംഗ്, മാന്നാർ മത്തായി സ്പീക്കിങ്, ഇഞ്ചക്കാടൻ മത്തായി ആന്റ് സണ്‍സ്, കോട്ടയം കുഞ്ഞച്ചൻ, ദേവാസുരം, കിലുക്കം, മിഥുനം, നമ്പർ 20 മദ്രാസ് മെയല്‍, ഡോക്ടർ പശുപതി, പൊൻമുട്ടയിടുന്ന താറാവ്, മൈ ഡിയർ മുത്തച്ഛൻ, വിയറ്റ്നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കൻ പത്രോസ്, പവിത്രം, പിൻഗാമി, പൈ ബ്രദേഴ്സ്, തൂവല്‍കൊട്ടാരം, അഴകിയ രാവണൻ, ചന്ദ്രലേഖ, അയാള്‍ കഥയെഴുതുകയാണ്, ഗജകേസരി യോഗം, സന്ദേശം, കുടുംബ കോടതി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കാക്കക്കുയില്‍, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണൻസ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്ലർ, സ്നേഹിതൻ, മനസ്സിനക്കരെ, കല്യണരാമൻ, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, തസ്കര വീരൻ, ക്രോണിക്ക് ബാച്ചിലർ, തുറുപ്പുഗുലാൻ, രസതന്ത്രം, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. 

സിനിമയിലെ തുടക്കക്കാലത്ത് തന്നെ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമാണ കമ്ബനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്ബേ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിർമിച്ചു.മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യൻ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009 ല്‍ കേരള സംസ്ഥാന ക്രിട്ടിക് പുരസ്കാരം ലഭിച്ചു.

കാൻസറും ഇന്നസെന്റും

കാൻസർ എന്നു കേട്ടാല്‍ വിറയ്ക്കാത്തവരില്ല. കാൻസർ വന്നാല്‍ തളർന്നുപോകാത്തവരുമില്ല. എന്നാല്‍, കാൻസർ വീട്ടിലെ വിശേഷങ്ങള്‍ ഇന്നസെന്റ് പറയുമ്ബോള്‍ ഭയമല്ല പകരം ചിരിയിലൂടെ പ്രത്യാശ ജനിക്കും. അതാണ് ഇന്നസെന്റ്, അതായിരുന്നു ഇന്നസെന്റ്. ഏത് പ്രതിസന്ധിയിലും ഹ്യൂമറാണ് അദ്ദേഹത്തിന്റെ മറുമരുന്ന്

2013 ലാണ് ഇന്നസെന്റിന് കാൻസർ സ്ഥിരീകരിക്കുന്നത്. സെന്റിമെന്റല്‍ മെലോഡ്രാമയൊന്നും നടപ്പില്ലെന്നു അദ്ദേഹം ആദ്യമേ കുടുംബത്തെ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. ‘ചിരിച്ച മുഖവുമായി മാത്രമേ തന്നെ കാണാവൂ എന്ന് ആദ്യമേ പറഞ്ഞു. ഡോ വി.പി. ഗംഗാധരനാണ് കാൻസർ കണ്ടെത്തിയത്. റേഡിയേഷനു പോലും ആഘോഷമായാണ് പോയതെന്നും ഇന്നസെന്റിന്റെ ഇഷ്ടപ്രകാരം അന്നു തൊട്ടേ നിറഞ്ഞ പുഞ്ചിരിയോടെ തന്നെയാണ് രോഗത്തെ എതിരേറ്റതെന്നും ഭാര്യ ആലീസും പറയുന്നു. 

രോഗം മൂർച്ഛിക്കുന്ന അവസ്ഥയില്‍ കടുത്ത വിഷാദരോഗത്തിലേക്ക് വഴുതി വീഴാതിരിക്കാൻ എഴുത്തിലേക്ക് തിരിയാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത് സംവിധായകൻ സത്യൻ അന്തിക്കാടാണ്. ഇന്നസെന്റ് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം ഒട്ടേറെ പേർക്കാണ് പിന്നീട് പ്രചോദനമായത്.മൂന്ന് തവണയാണ് ഇന്നസെന്റിനെ കാൻസർ വരിഞ്ഞു കെട്ടിയത്. ഓരോ തവണയും അത് പൊട്ടിച്ചെറിഞ്ഞപ്പോള്‍ അദ്ദേഹം മനസ്സില്‍ കരുതിയത് ഇങ്ങനെയായിരിക്കാം, ”ഇതല്ല ഇതിലപ്പുറം വലുത് ചാടിക്കടന്നവനാണീ കെ.കെ ജോസഫ്… ”

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.