കെ.എസ്.ആർ.ടി.സി ജീവനക്കാരൻ്റെ ഗുണ്ടായിസം ; മാധ്യമ പ്രവർത്തകന് പരുക്ക്

ആലപ്പുഴ : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാരന്റെ ഗുണ്ടായിസം. സ്കൂട്ടർ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കേരള കൗമുദി ആലപ്പുഴ യൂണിറ്റിലെ ഫോട്ടോഗ്രാഫർ മഹേഷ് മോഹനും ബന്ധുവായ യുവാവിനും പമ്പ് ഓപ്പറേറ്ററുടെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ മഹേഷിന്റെ ഇടതുകൈയ്ക്കും കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റു. മഹേഷ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മഹേഷിന്റെ മൊഴി പ്രകാരം പമ്പ് ഓപ്പറേറ്റർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകുന്നതിന് ബന്ധുവായ ശരത്തിനെ ആലപ്പുഴ ഡിപ്പോയിലെത്തിക്കാനാണ് ഡ്യൂട്ടിയ്ക്ക് വരും വഴി മഹേഷ് ബസ് സ്റ്റാന്റിലെത്തിയത്. ബസ് സ്റ്റാന്റിൽ ഇരുചക്രവാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് മഹേഷ് സ്കൂട്ടർ വച്ചതാണ് പമ്പ് ഓപ്പറേറ്ററെ പ്രകോപിപ്പിച്ചത്. സ്റ്റാന്റിനുള്ളിൽ പാർക്കിംഗ് പാടില്ലെന്ന് പമ്പ് ഓപ്പറേറ്റർ അറിയിച്ചു. സ്കൂട്ടർ പുറത്തേക്ക് മാറ്റുന്നതിനിടെ മഹേഷിനെ തെറി വിളിച്ച പമ്പ് ഓപ്പറേറ്റർ കഴുത്തിൽ കുത്തിപ്പിടിച്ച് മുഖത്ത് അടിക്കുകയായിരുന്നു. അക്രമം തടയാനുളള ശ്രമത്തിനിടെ കൈപ്പത്തി തല്ലി ഒടിക്കാനുളള ശ്രമമാണ് വലതു കൈത്തണ്ടയിൽ ചതവിനും പരിക്കിനും കാരണമായത്. മഹേഷിനെ അടിക്കുന്നത് തടയാൻ ശ്രമിച്ച ശരത്തിനും മർദ്ദനമേറ്റു. ഡിപ്പോയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറാണ് പമ്പ് ഓപ്പറേറ്ററുടെ മർദ്ദനത്തിൽ നിന്നും ഇവരെ രക്ഷിച്ചത്. തുടർന്ന് മഹേഷും ശരത്തും സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ പമ്പ് ഓപ്പറേറ്റർ മഹേഷിനെ ഭീഷണിപ്പെടുത്തി. പരാതി നൽകുകയോ കേസെടുപ്പിക്കുകയോ ചെയ്താൽ കാലും കൈയ്യും വെട്ടുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ പമ്പ് ഓപ്പറേറ്റർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.അതേസമയം മഹേഷിന്റെ പരാതിയെ പ്രതിരോധിക്കുന്നതിനായി പമ്പ് ഓപ്പറേറ്ററും സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.