തിരുവനന്തപുരം : ശരിയായ രീതിയില്‍ ഹാൻഡ്ബ്രേക്ക് ഇടാത്തതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി എംവിഡി.ഹാൻഡ് ബ്രേക്ക് നിസാരക്കാരനല്ലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് എംവിഡി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്തിടെ സ്വന്തം വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി ഒരാള്‍ മരിച്ചിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് എംവിഡി ഹാൻഡ് ബ്രേക്ക് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് എംവിഡി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർക്കിംഗ് ബ്രേക്ക് / ഹാൻഡ് ബ്രേക്ക് നിസാരക്കാരനല്ല..’സ്വന്തം വാഹനം ദേഹത്ത് കയറിയ ആള്‍ക്ക് ദാരുണാന്ത്യം’ എന്ന തലക്കെട്ടോടെയുള്ള പത്രവാർത്ത വളരെ മാനസിക വിഷമത്തോടെയാണ് വായിച്ചത്. കുഴിയില്‍ വീണ വാഹനം കരക്ക് കയറ്റിയ ശേഷം, കേടുപാട് ഉണ്ടോ എന്നറിയാൻ കാറിന്റെ അടിവശം പരിശോധിക്കുന്നതിനിടയില്‍, പിന്നോട്ട് നിരങ്ങി ദേഹത്ത് മുൻ ചക്രം കയറി ആള് മരണപ്പെടുകയായിരുന്നു. ഒരു വാഹനം നിറുത്തി ഡ്രൈവർ പുറത്തിറങ്ങുമ്പോള്‍ വണ്ടി മുന്നോട്ടോ പിന്നോട്ടോ ഉരുണ്ട് നീങ്ങി (പ്രത്യേകിച്ചും ചരിവുള്ള പ്രതലങ്ങളില്‍) അപകടം ഉണ്ടാകാതെ തടയുന്നത് ഹാൻഡ് ബ്രേക്ക് അഥവാ പാർക്കിംഗ് ബ്രേക്കാണ്.
പാർക്കിംഗ് ബ്രേക്ക് ലിവർ മുകളിലേക്ക് വലിച്ച് ലോക്ക് ചെയ്യുമ്പോള്‍ വാഹനത്തിന്റെ പിൻചക്രത്തിലെ ബ്രേക്ക് പ്രവർത്തനക്ഷമമാക്കുന്നതാണ് ഇതിന്റെ പ്രവർത്തനം എന്ന് ലളിതമായി പറയാം. പാർക്കിംഗ് ബ്രേക്ക് ലിവറിന്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ച് നിർത്തുന്നത്. ചിലർ ലിവറിന്റെ മുകളിലുള്ള നോബ് ഞെക്കിപ്പിടിച്ച് ലിവർ മുകളിലേക്ക് ഉയർത്തുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ തെറ്റായി ചെയ്യുമ്ബോള്‍ ബ്രേക്ക് ശരിയായി ലോക്ക് ആകില്ല. ബ്രേക്ക് റിലീസ് ചെയ്യുമ്ബോഴാണ് ലിവറിന്റെ മുകളിലെ നോബ് പ്രസ് ചെയ്യേണ്ടത് എന്നുകൂടി മനസിലാക്കുക.
ലിവർ മുകളിലേക്ക് വലിക്കുമ്പോള്‍ ‘ടിക് ടിക്’ ശബ്ദം കേള്‍ക്കുന്നത് ഒന്നു ശ്രദ്ധിക്കുമല്ലോ. റാച്ചറ്റിന്റെ ടീത്തില്‍ ലോക്ക് ആകുന്ന ശബ്ദമാണിത്. സാധാരണയായി 4 മുതല്‍ 9 വരെ ‘ടിക്’ ശബ്ദമാണ് വാഹന നിർമ്മാതാക്കള്‍ നിഷ്കർഷിക്കുന്നത്. ലിവർ വിലക്കുമ്ബോള്‍ ഇതില്‍ കൂടുതല്‍ തവണ ‘ടിക്’ശബ്ദം കേട്ടാല്‍ ഹാൻഡ് ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യാറായി എന്ന് മനസിലാക്കാം… വാഹനം നിർത്തി പുറത്തിറങ്ങും മുൻപ് ഗിയറില്‍ ഇടാനും മറക്കരുത്. വാഹനം ന്യൂട്രല്‍ പൊസിക്ഷനില്‍ ആണെങ്കില്‍ പോലും ‘പാർക്കിംഗ് ബ്രേക്ക് ‘ ശരിയായി പ്രവർത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ സുരക്ഷ ഉറപ്പുവരുത്താം. ഇപ്പോള്‍ മനസ്സിലായില്ലേ, ‘പാർക്കിംഗ് ബ്രേക്ക് ‘ നിസാരക്കാരനല്ലെന്ന്. ചെറിയ അശ്രദ്ധ കൊണ്ട് അപകടം വിളിച്ച് വരുത്താതിരിക്കൂ…ശുഭയാത്ര.