ന്യൂസ് ഡെസ്ക് : ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം കാറ്റിലിന്‍ കാരിക്കോയ്‌ക്കും ഡ്രൂ വൈസ്മാനും സ്വന്തമാക്കി. കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.വൈദ്യശാസ്ത്രത്തിലെ നൊബേല്‍ നേടുന്ന പതിമൂന്നാമത്തെ വനിതയാണ് കാറ്റലിന്‍. കൊറോണ മഹാമാരിക്കെതിരെയുള്ള ഫലപ്രദമായ mRNA വാക്‌സിന്‍ വികസിപ്പിക്കാന്‍ സഹായിച്ച ന്യൂക്ലിയോസൈഡ് ബേസ് വികസിപ്പിച്ചതിനാണ് പുരസ്‌കാരം.
പ്രതിരോധ സംവിധാനവുമായി mRNA എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ക്കുണ്ടായിരുന്ന ധാരണയെ മാറ്റിമറിച്ച കണ്ടെത്തലാണ് കാറ്റിലിന്റെയും വൈസ്മാന്റെയും, ഇവര്‍ അഭൂതപൂര്‍വ്വമായ കണ്ടുപിടിത്തമാണ് വാക്‌സിന്‍ വികസിപ്പിച്ചതിലൂടെ ആശങ്ക നിറഞ്ഞ ആധുനിക ആരോഗ്യരംഗത്തേക്ക് സംഭാവന ചെയ്തിരിക്കുന്നതെന്നും നൊബേല്‍ അസംബ്ലി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1955ല്‍ സോള്‍നോക്കില്‍ ജനിച്ച കാറ്റലിന്‍ കാരിക്ക്, സെഗെഡ് സര്‍വകലാശാലയിലെ പ്രൊഫസറും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പെരെല്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അഡ്ജങ്ക്റ്റ് പ്രൊഫസറുമാണ്. വാക്‌സിന്‍ റിസര്‍ച്ചില്‍ റോബര്‍ട്ട്‌സ് ഫാമിലി പ്രൊഫസറും ആര്‍എന്‍എ ഇന്നൊവേഷനുകള്‍ക്കായുള്ള പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമാണ് ഡ്രൂ വെയ്‌സ്മാന്‍.
കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസര്‍മാര്‍ അടങ്ങുന്ന നൊബേല്‍ അസംബ്ലി വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞരെ വര്‍ഷം തോറും ആദരിക്കുന്നതിനാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് 1901 മുതല്‍, വൈദ്യ ശാസാത്രത്തിനുള്ള നൊബേല്‍ നല്‍കി വരുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസമാണ് നൊബേല്‍ പ്രഖ്യാപിക്കുക. ഇതുവരെ 113 പേരാണ് വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായത്. ഇതില്‍ 12 പേരും സ്ത്രീകളാണ്. 1923ല്‍ 32ആം വയസില്‍ ഇന്‍സുലിന്‍ കണ്ടുപിടിച്ചതിന് നൊബേല്‍ പുരസ്‌കാരം ലഭിച്ച ഫ്രെഡറിക് ജി. ബാന്റിംഗാണ് ഏറ്റവും പ്രായം കുറഞ്ഞ വൈദ്യശാസ്ത്ര നൊബേല്‍ ജേതാവ്.