തിരുവനന്തപുരം : വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരി പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവത്തില്‍ അടിയന്തര പ്രമേയ ആവശ്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു.സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. സിപിഎം ബന്ധമുള്ള പ്രതിയായിരുന്നയാള്‍ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്‍റേയും പൊലീസിന്‍റേയും വീഴ്ചയുടെ ഭാഗമായാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കുകയും പിന്നാലെ പ്രമേയം തള്ളുകയും ചെയ്തു. തുടര്‍ന്നാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്.
മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നല്‍കിയ മറുപടി ഇങ്ങനെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിയന്തര പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ പോക്‌സോ നിയമത്തിലെയും ഇന്ത്യന്‍ പീനല്‍ കോഡിലേയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ക്രൈം നം. 598/2021 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. കേസിലെ പ്രതിയായ അര്‍ജ്ജുന്‍ എന്നയാളെ അറസ്റ്റു ചെയ്ത് തെളിവുകള്‍ ശേഖരിച്ച് അന്വേഷണം പൂര്‍ത്തിയാക്കി കട്ടപ്പന പോക്‌സോ പ്രത്യേക കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. കട്ടപ്പന പ്രത്യേക പോക്‌സോ കോടതി കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ വെറുതെവിട്ട് ഉത്തരവായിട്ടുണ്ട്. കോടതിവിധി പരിശോധിച്ച് ആവശ്യമായ നിയമനടപടികളും വകുപ്പുതല നടപടികളും സ്വീകരിച്ചു വരികയാണ്.
പ്രതിയെ വെറുതെ വിട്ട ഉത്തരവിനെതിരെ ഹൈക്കോടതി മുമ്ബാകെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. നമ്മുടെ രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായി കേരളം ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്. പൊലീസിനെ ജനസൗഹൃദമായി മാറ്റിയെടുക്കുന്നതിലും കുറ്റകൃത്യങ്ങളില്‍ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും നമ്മുടെ പോലീസ് മുന്‍പന്തിയിലാണ്.
തെളിയിക്കാന്‍ കഴിയാതെ കിടന്ന നിരവധി കേസുകളില്‍ പഴുതടച്ചുള്ള അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുന്ന മികവോടെ പോലീസ് പ്രവര്‍ത്തിക്കുന്നു. അടുത്തിടെയുണ്ടായ ചില കേസുകള്‍ പോലീസിന്റെ കുറ്റാന്വേഷണ മികവിന്റെ ഉദാഹരണങ്ങളാണ്. തെളിയിക്കപ്പെടാതെ കിടന്ന കേസുകള്‍ വരെ തെളിയിച്ചു മുമ്ബോട്ടുപോവുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഒരാക്രമണം പോലും നടക്കരുത് എന്നുള്ള നിലപാടാണ് സര്‍ക്കാരിനുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ ശക്തമായ നിയമനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സമൂഹത്തോട് പ്രതിബദ്ധത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല.