തിരുവനന്തപുരം : ഇരുപത്തി എട്ടാമത് ഐഎഫ്‌എഫ്കെയുടെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കൂവല്‍. പ്രസംഗിക്കുന്നതിനായി വേദിയിലേയ്ക്ക് ക്ഷണിച്ചപ്പോഴാണ് ഒരുവിഭാഗം പേര്‍ രഞ്ജിത്തിനെ കൂവി സ്വീകരിച്ചത്. കഴിഞ്ഞ ഐഎഫ്‌എഫ്കെയുടെ സമാപന വേദിയിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
ഡെലിഗേറ്റുകള്‍ക്ക് സിനിമകാണാൻ അവസരം നിഷേധിക്കപ്പെട്ടതും പിന്നാലെ ഇവരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത് നടത്തിയ പ്രസ്താവനയും കഴിഞ്ഞ ഐഎഫ്‌എഫ്കെയില്‍ വിവാദമായിരുന്നു. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണം. വലിയ കൂവല്‍ നേരിട്ടെങ്കിലും രഞ്ജിത്ത് പ്രസംഗം തുടരുകയായിരുന്നു. മേളയുടെ വലിയ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് പരിചയപ്പെടുത്തി ചലച്ചിത്ര അക്കാദമി ജീവനക്കാരെ രഞ്ജിത്ത് വേദിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. പേരെടുത്ത് പറഞ്ഞായിരുന്നു ക്ഷണം. അതേസമയം പ്രതിഷേധവുമായി രംഗത്തുള്ള കൗണ്‍സിലിലെ അംഗങ്ങളെയാരെയും പരാമര്‍ശിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. ചെയര്‍മാന്റെ സമീപനം ഏകാധിപതിയെപ്പോലെയാണെന്നും എല്ലാവരോടും പുച്ഛമാണെന്നും ഉള്‍പ്പെടെ രൂക്ഷവിമര്‍ശനമാണ് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉന്നയിക്കുന്നത്. അക്കാദമി വരിക്കാശേരി മനയല്ല, ചെയര്‍മാനെ മാറ്റണമെന്നും അല്ലെങ്കില്‍ അദ്ദേഹം തിരുത്തണെന്നുമാണ് അംഗങ്ങളുടെ ആവശ്യം.