തിരുവനന്തപുരം: പുതുവത്സരാഘാഷം കൈവിട്ട് പോകാതിരിക്കാൻ നിര്‍ദേശവുമായി പൊലീസും എക്സൈസും രംഗത്ത്. ഡിജെ പാര്‍ട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറൻ്റുകളും മുൻ കൂട്ടി എക്സൈസിൻറെ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശം നല്കി. എറണാകുളം , കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് എക്സൈസ് ഇന്റെലിജൻസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പൊലീസ് നീക്കം.
രാത്രി 12 മണിയോടെ ആഘോഷ പരിപാടികള്‍ അവസാനിപ്പിക്കാനാണ് നിര്‍ദേശം. മാനവിയം വീഥിയില്‍ പ്രത്യേക സുരക്ഷയൊരുക്കാനാണ് പൊലീസ് പദ്ധതി. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ ശക്തമായ സുരക്ഷ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കുന്നത്. ആഘോഷ പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നത് പ്രധാനമായും ശംഖുമുഖം, കോവളം, വര്‍ക്കല ബീച്ചുകള്‍ കേന്ദ്രികരിച്ചാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടങ്ങളിലെ ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിവക്ക് പുറമെ മാളുകള്‍ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കും.
മദ്യപിച്ചു വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, അമിതവേഗത, ഡ്രൈവിംഗ് അഭ്യാസങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാൻ ശക്തമായ പൊലീസ് പരിശോധനയും ഉണ്ടാകും. സ്ത്രീകളുടെയും കുട്ടികളും സുരക്ഷ ഉറപ്പാക്കാൻ പുരുഷ വനിതാ പൊലീസുകാര്‍ മഫ്തിയില്‍ പരിശോധന നടത്തും. പ്രധാനപ്പെട്ട ജംഗ്ഷനില്‍ പെട്രോളിങ്ങും ശക്തമാക്കാനുമാണ് പൊലീസ് തീരുമാനം. മയക്കുമരുന്ന് ഉപയോഗം തടയാൻ ഡിജെ പാര്‍ട്ടികള്‍ അടക്കം നിയന്ത്രിക്കും.12 മണി വരെയായിരിക്കും ആഘോഷ പരിപാടികള്‍ക്ക് അനുമതി ഉണ്ടാകുക.
പുതുവത്സരവുമായി ബന്ധപ്പെട്ട് പരിപാടികള്‍ക്ക് വരുന്ന എല്ലാവരുടെയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാൻ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണമെന്നും, അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ പൊലീസിനെ കൃത്യസമയത്ത് അറിയിക്കാമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് പുതുവത്സരാഘോഷത്തിന് പൊലീസിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകും. പ്രധാന ആഘോഷ കേന്ദ്രമായ ബീച്ചിലേക്ക് 3 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ആഘോഷം സംഘടിപ്പിക്കുന്നവര്‍ പൊലീസിനെ അറിയിക്കണം. അതിഥി തൊഴിലാളികളുടെ ആഘോഷം തൊഴിലുടമ നിരീക്ഷിക്കണം. ലഹരി ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കരുത്. വാഹനങ്ങളില്‍ അഭ്യാസം കാണിക്കുന്നവരെ പിടികൂടാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. താമരശേരി ചുരത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴ് മുതല്‍ ചുരത്തിലെ കടകള്‍ അടക്കണം. ഫയര്‍ ഡിസ്പ്ളെ കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.