ടെഹ്റാൻ: മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെടുന്നതായി സ്ഥിരീകരിച്ച് ഇറാൻ. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. മോചനത്തിനായി ഇറാൻ ഇടപെടുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് നേരത്തെ വന്നിരുന്നു. നിമിഷയുടെ മാത്രമല്ല മറ്റു പലരുടെയും മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറിയിച്ചു.
നിമിഷ പ്രിയയുടെ മോചനം കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചര്‍ച്ചയായിരുന്നു. യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം ജോൺ ബ്രിട്ടാസ് എംപിയാണ് രാജ്യസഭയിൽ ഉന്നയിച്ചത്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീർത്തിവർധൻ സിംഗ് മറുപടി നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ സൗകര്യം ഒരുക്കി. ചർച്ചയ്ക്ക് പവർ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകൻ്റെ സഹായം വിദേശകാര്യമന്ത്രാലയം ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷൻ കൗൺസിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകാൻ പിരിച്ച ബ്ലഡ് മണി യെമനിൽ എത്തിക്കാനും സഹായം നൽകി.
എന്നാൽ മോചനം സാധ്യമാക്കാൻ രണ്ട് കുടുംബങ്ങൾക്കുമിടയിൽ നടക്കുന്ന ചർച്ച വിജയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.