പാലക്കാട്: മതവിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻ പോലീസ് സര്‍ക്കിള്‍ ഇൻസ്പെകടറെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി കാലടി സ്വദേശി പ്രിയ നിവാസില്‍ വി കെ പ്രഭാകരൻ ആണ് അറസ്റ്റിലായത്. തിരുമിറ്റക്കോട് പഞ്ചായത്തില്‍ വെള്ളടിക്കുന്നിലെ ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട് മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ ലഘുലേഖ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രഭാകരനാണെന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ഡി വൈ എസ് പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ എടപ്പാളില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി സി സി ടി വി ദൃശ്യങ്ങളും ഫോണ്‍കാള്‍ വിവരങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്. ലഘുലേഖ പ്രചരിപ്പിച്ചതിന് പുറമെ ഓഡിറ്റോറിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് വകുപ്പുകള്‍ക്കും ഇയാള്‍ പരതികള്‍ ഊമക്കത്തുകളാക്കി അയച്ചിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തി. സുഹൃത്തിന് ഓഡിറ്റോറിയം നിര്‍മ്മാണ കരാര്‍ നല്‍കാത്തതിലെ പകയാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പ്രതിയെ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. ചാലിശ്ശേരി എസ് എച്ച് ഒ സതീഷ് കുമാര്‍ , ഡി വൈ എസ് പി സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ ജോളി സെബാസ്റ്റ്യൻ, റഷീദ് അലി , അബ്ദുള്‍ റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.