അടൂർ: അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്ന തരത്തിൽ സഹകരണ വകുപ്പിന് പുതിയ വെളിച്ചം നൽകുന്ന പ്രവർത്തനമാണ് പറക്കോട് സർവീസ് സഹകരണ ബാങ്കിന്റേതെന്ന് ഫിഷറീസ്-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അടൂർ ബൈപ്പാസിൽ കോ-ഓപ്പറേറ്റീവ് സീഫുഡ് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സീ ഫുഡ് റസ്റ്ററന്റ് സാധ്യമാകുന്നതോടെ ഒരുപാട് യുവതി യുവാക്കൾക്ക് തൊഴിൽ സാധ്യത ലഭ്യമാകും. കേരളത്തിലെ ഫിഷറീസ് വകുപ്പിന്റെ പുതിയ ആശയമാണ് സീ ഫുഡ് റസ്റ്ററന്റ്. ആദ്യഘട്ടമായി ആയിരം പഞ്ചായത്തുകളിൽ ഇവ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ അഞ്ചു വർഷം കൊണ്ട് പരമാവധി ആളുകൾക്ക് ജോലി നൽകാനും ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ മത്സ്യ സമ്പത്ത് വർധിപ്പിക്കും. അടൂരിൽ സാംസ്‌കാരിക വകുപ്പിന്റെ കൈയ്യൊപ്പ് ചാർത്തും. സാംസ്‌കാരിക നഗരമാക്കി അടൂരിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ ആദ്യമായി സഹകരണ മേഖലയിൽ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ശീതീകരിച്ച സീ ഫുഡ് റസ്റ്ററന്റാണ് അടൂർ ബൈപാസിൽ ആരംഭിച്ചത്. ഇവിടെ നിന്ന് നവംബർ ഒന്നിന് നിയമസഭയിലേക്ക് 500 ഫ്രൈഡ് റൈസ് മന്ത്രി ഓർഡർ ചെയ്തു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സീ ഫുഡ് എൻ.ഗോപാലകൃഷ്ണന് നൽകി ആദ്യവിൽപ്പന നടത്തി. പറക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസ് കളീയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അടൂർ നഗരസഭ ചെയർമാൻ ഡി.സജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ, അടൂർ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണം തുണ്ടിൽ, മത്സ്യഫെഡ് ചെയർമാൻ ടി. മനോജ്, പത്തനംതിട്ട ജോയന്റ് രജിസ്ട്രാർ എം.ജി പ്രമീള, ജോയന്റ് ഡയറക്ടർ എം.ജി രാംദാസ്, ബാങ്ക് സെക്രട്ടറി ജി.എസ്.രാജശ്രീ, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള, സിപിഐ(എം) ഏരിയ സെക്രട്ടറി അഡ്വ.എസ്.മനോജ്, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.