തിരുവനന്തപുരം : മന്ത്രിമാർ നിയമസഭാ ചോദ്യങ്ങള്‍ക്ക് പൂർണമായി ഉത്തരം നല്‍കണമെന്ന് സ്പീക്കർ എ എൻ ഷംസീർ. ചോദ്യങ്ങള്‍ക്ക് പൂർണമായി ഉത്തരം നല്കുന്ന രീതി ധനമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പീക്കർ പറഞ്ഞു.ഇനിയും മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നും സ്പീക്കർ റൂളിങ് നല്കി. ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭ്യമാകാത്തത് സംബന്ധിച്ചു പ്രതിപക്ഷ നേതാവ് ക്രമപ്രശ്നം ഉന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ റൂളിങ്.
15-ാം കേരള നിയമസഭയുടെ ഒന്നു മുതല്‍ 9 വരെയുള്ള സമ്മേളനങ്ങളില്‍ ധനമന്ത്രി മറുപടി പറയേണ്ട ആകെ 3199 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളില്‍ 2943 ചോദ്യങ്ങള്‍ക്ക് ഇതിനകം മറുപടി ലഭ്യമാക്കിയതായി സ്പീക്കർ പറഞ്ഞു. ഇനിയും 256 മറുപടികള്‍ അവശേഷിക്കുന്നു. സഭയുടെ നടപ്പു സമ്മേളനത്തില്‍ ആകെയുള്ള 199 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടി ലഭ്യമാക്കിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറേണ്ട സമയത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന ചട്ടം 47 പ്രകാരം ചോദ്യോത്തര ദിവസത്തിന്റെ തൊട്ടു തലേദിവസം 5 മണിക്കു മുൻപായി അവ ലഭ്യമാക്കേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രസ്തുത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമാണ് 15 ദിവസത്തെ കാലദൈര്ഘ്യത്തിന് അര്‍ഹത വരുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതില് 15 ദിവസത്തെ കാലദൈർഘ്യം സ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി.