കൽപറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിൽ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനകൾ വിഫലം. ഇവിടെനിന്നും യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ദൗത്യസംഘം ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്നും ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്.
മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകർന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്. തുടർന്ന് രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാൽ 5 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും പരിശോധന തുടരാന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാവരും തിരിച്ചെത്തുകയായിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇത് മനുഷ്യന്‍റേതെന്ന് തന്നെയാണെന്ന് ഉറപ്പിക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
അതേ സമയം, മുണ്ടക്കൈ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.