തിരുവനന്തപുരം: ലക്ഷങ്ങളുടെ കുടിശികയുള്ളതിനാല്‍ പൊലീസ് വാഹനങ്ങള്‍ക്കിനി ഇന്ധനം നല്‍കാനാവില്ലെന്ന് പമ്ബുടമകള്‍.നവകേരള സദസിനുള്പ്പെടെ ഓടിയതിന്റെ കുടിശിക ഇതിലുള്‍പ്പെടുന്നു. പെട്രോളും ഡീസലും നല്‍കാതെ പൊലീസ് വാഹനങ്ങള്‍ തിരിച്ചയയ്ക്കാനാണ് ജീവനക്കാര്‍ക്ക് ഉടമകളുടെ നിര്‍ദ്ദേശം. ഇന്ധനമില്ലാത്തതിനാല്‍ രാത്രികാല പട്രോളിംഗും പല സ്റ്റേഷനുകളിലും നിര്‍ത്തി. അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനവുമാണ് പൊലീസ് ഉപയോഗിക്കുന്നത്.
ഡീസല്‍ തികയാതെവരുമ്ബോഴും പണമില്ലാത്തപ്പോഴും ഉദ്യോഗസ്ഥര്‍ തങ്ങളുടെ കൈയില്‍ നിന്ന് പണമെടുത്ത് ഇന്ധനം നിറയ്ക്കുകയും അതിനുശേഷം അധിക ക്വാട്ട അനുവദിക്കാൻ അപേക്ഷ നല്‍കുകയുമാണ് പതിവ്. ഒട്ടുമിക്ക പൊലീസ് വാഹനങ്ങളും രണ്ടു ദിവസമായി സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ആറ്റിങ്ങല്‍ 6 ലക്ഷം,കിളിമാനൂര്‍,ചിറയിൻകീഴ്,കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ 10 ലക്ഷം എന്നിങ്ങനെയാണ് ഒരോ പമ്ബുകളുടെയും തുക കുടിശിക. രണ്ട് ദിവസമായി ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങളെ പമ്ബില്‍ നിന്നും മടക്കി അയയ്ക്കുകയാണ്. മുൻപും സമാന രീതിയില്‍ കുടിശിക വന്നിട്ടുണ്ടെങ്കിലും ഇത്രയും ഭീമമായ തുക ഇതാദ്യമാണെന്ന് പമ്ബുടമകള്‍ പറയുന്നു.