തൃശൂര്‍: സെന്റ് മേരീസ് കോളജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ഥിനികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. ഹോസ്റ്റലിലെ ഒരു വിദ്യാര്‍ഥിക്ക് രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മറ്റു വിദ്യാര്‍ഥികളിലും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വൈറോളജി ലാബിലേക്ക് സാമ്പ്ള്‍ പരിശോധനക്ക് അയച്ചത്.
ഹോസ്റ്റലിലെ കുടിവെള്ളത്തില്‍നിന്നാണ് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു.വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. വയറിളക്കം, വയറുവേദന, ഛര്‍ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗലക്ഷണങ്ങള്‍.മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. ആരോഗ്യമുള്ളവരെ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
തൃശൂരില്‍ 52 വിദ്യാര്‍ത്ഥിനികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗം പകരുന്നത് മലിനജലത്തിലൂടെ, ജാഗ്രത വേണം
Advertisements