അമേരിക്കയില്‍ വില്‍ക്കുന്ന കൊക്കകോള ഉല്‍പ്പന്നങ്ങളില്‍ ഇനി കരിമ്പില്‍ നിന്നുണ്ടാക്കുന്ന പഞ്ചസാര മാത്രം ഉപയോഗിക്കാന്‍ കമ്പനി സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലില്‍ ട്രംപ് നടത്തിയ പ്രഖ്യാപനം ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ട്രംപിന്റെ പേരും ‘ഷെയര്‍ എ കോക്ക് വിത്ത് ട്രംപ്’ എന്ന സന്ദേശവും പതിപ്പിച്ച ഒരു കൊക്കകോള കുപ്പിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍ മുദ്രാവാക്യവുമായി ബന്ധപ്പെടുത്തി ‘മേക്ക് കോക്ക് ഗ്രേറ്റ് എഗെയിന്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. കൊക്കകോള കമ്പനി ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയിട്ടില്ലെങ്കിലും, പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
ട്രംപിന്റെ ഈ പ്രസ്താവനയോടെ, അമേരിക്കന്‍ ശീതളപാനീയങ്ങളില്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പിന് പകരം കരിമ്പിന്‍ പഞ്ചസാര ഉപയോഗിക്കുമെന്ന നിര്‍ണായക മാറ്റമാണ് സൂചിപ്പിക്കുന്നത്. അമിതവണ്ണം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പ് വര്‍ഷങ്ങളായി വിമര്‍ശനം നേരിടുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൊക്കകോളയുടെ ഈ നീക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഎസ് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിന്റെ നേതൃത്വത്തില്‍, കൃത്രിമ നിറങ്ങള്‍, അഡിറ്റീവുകള്‍, അമിത പഞ്ചസാര എന്നിവ ഒഴിവാക്കാന്‍ ഭക്ഷ്യ കമ്പനികളോട് ആവശ്യപ്പെട്ടുവരികയായിരുന്നു. രാജ്യത്തെ വിട്ടുമാറാത്ത രോഗങ്ങളുടെ മൂലകാരണങ്ങള്‍ പരിശോധിക്കാന്‍ ട്രംപ് രൂപീകരിച്ച കമ്മീഷന്‍, മെയ് മാസത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പിനെ കുട്ടികളിലെ അമിതവണ്ണം, പ്രമേഹം, കരള്‍ രോഗം എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരു പ്രധാന ഘടകമായി പ്രത്യേകമായി എടുത്തുപറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കൊക്കകോളയുടെ ഭാഗത്തുനിന്നുള്ള ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് തുടക്കമോ?
ഈ നീക്കം അമേരിക്കയിലെ ഭക്ഷ്യ വ്യവസായത്തില്‍ ഒരു പുതിയ പ്രവണതയ്ക്ക് തുടക്കമിടുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. കൊക്കകോളയുടെ ഈ മാറ്റം മറ്റ് ശീതളപാനീയ കമ്പനികളെയും സമാനമായ മാറ്റങ്ങള്‍ക്ക് പ്രേരിപ്പിച്ചേക്കാം. എന്തായാലും, അമേരിക്കക്കാരുടെ ഭക്ഷണക്രമത്തില്‍ ഒരു പുതിയ മധുര വിപ്ലവത്തിന് ഇത് വഴിയൊരുക്കുമെന്നതില്‍ സംശയമില്ല