ന്യൂസ് ഡെസ്ക് : മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം അജയ് പ്രതാപ് സിംഗ് എംപി ബിജെപി വിട്ടു. മത്സരിക്കാന്‍ വീണ്ടും അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെന്നാണ് സൂചന.പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അജയ് പ്രതാപ് പടിയിറങ്ങുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ് രാജ്യസഭാ അംഗത്തിന്റെ രാജി. വീണ്ടും മത്സരിക്കാന്‍ താത്പര്യം അറിയിച്ചെങ്കിലും അജയ് പ്രതാപ് സിംഗിന് ബിജെപി ടിക്കറ്റ് നല്‍കിയില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച സിംഗ്, സിദ്ധി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അവിടെ നിന്ന് രാജേഷ് മിശ്രയെയാണ് പാര്‍ട്ടി മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 മാര്‍ച്ചിലാണ് അജയ് പ്രതാപ് സിംഗ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലാവധി ഏപ്രില്‍ 2 ന് കഴിയാനിരിക്കെയാണ് നിലവിലെ രാജി. മുന്‍ ബിജെപി അംഗം എപി ജിതേന്ദര്‍ റെഡ്ഡിയും മകനും ചേര്‍ന്ന് തെലങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം.