പാലക്കാട് : നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം തേടി പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ ഒരു വയോധികന്റെ നിരാഹാര സമരം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തിരുനെല്ലായ് കനാൽ പുറംപോക്കിൽ താമസിക്കുന്ന ചിദംബരനാണ് രണ്ടു ദിവസമായി സമരം ചെയ്യുന്നത്.
ലോട്ടറി വിറ്റായിരുന്നു ചിദംബരൻ ജീവിച്ചിരുന്നത്. 2013 ലുണ്ടായ ഒരു അപകടത്തിൽ ഇടുപ്പ് എല്ലിനും മൂത്രസഞ്ചിക്കും പരിക്കു പറ്റി. അടിവയറ്റിൽ ട്യൂബിറക്കിയാണ് കഴിഞ്ഞ പത്ത് വർഷമായി ജീവിക്കുന്നത്. അമ്മയായിരുന്നു കൂട്ട്. ചൂലുണ്ടാക്കി വിറ്റ് അമ്മ രോഗിയായ ചിദംബരനെ നോക്കി. ഒരു വർഷം മുമ്പ് അമ്മ മരിച്ചതോടെ ചിദംബരന്റെ ജീവിതം വഴിമുട്ടി. പിന്നെ ഏക ആശ്വാസം സാമൂഹിക സുരക്ഷാ പെൻഷനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതും മുടങ്ങിയതോടെയാണ് സഹായം തേടി നവകേരള സദസിൽ പരാതി നൽകിയത്.പക്ഷെ ഇതുവരെ ഒരു പ്രതികരണവും ഉണ്ടായില്ല. ആ പരാതിയുമായാണ് കലക്ട്രേറ്റിന് മുന്നിലെത്തിയത്. ജീവിക്കാൻ ആരുടെ മുന്നിലും യാചിക്കാതെ സ്വന്തമായി ലോട്ടറി വിൽക്കാനുള്ള സഹായമെങ്കിലും ചെയ്യണമെന്നാണ് ചിദംബരൻ പറയുന്നത്.