സിറിയയിലെ ഒരു ശവകുടീരത്തിൽ നിന്ന് വിരലുകളോളം നീളമുള്ള കളിമൺ ഫലകങ്ങളിൽ കൊത്തിയെടുത്ത ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള അക്ഷരമാല പുരാവസ്തു ഗവേഷകർ കണ്ടെത്തി. കാർബൺ -14 ഡേറ്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച്, ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കളിമൺ ഫലകങ്ങൾ നിർമ്മിച്ചത് 2400 ബിസിഇയിലാണെന്ന് നിർണയിച്ചത്.
ഈ അക്ഷരമാലകള്‍ ഇതുവരെ കണ്ടെത്തിയ എല്ലാ അക്ഷരമാലാ ലിപികളെക്കാളും 500 വർഷം പഴക്കമുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നന്നായി സംരക്ഷിക്കപ്പെട്ട വെങ്കലയുഗത്തിലെ 6 ശവകുടീരങ്ങൾ ഉൾപ്പെടുന്ന ഒരു ശ്മാശാനത്തിനുള്ളിൽ നിന്നാണ് ഇത് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശവകുടീരങ്ങൾക്കുള്ളിൽ മൃതദേഹങ്ങൾക്ക് പുറമേ സ്വർണം, വെള്ളി ആഭരണങ്ങൾ, പാത്രങ്ങൾ, കുന്തമുന, മൺപാത്രങ്ങൾ എന്നിവയും ഉണ്ടായിരുന്നു. മൺപാത്രത്തിന് അടുത്തായി നാല് ചെറിയ കളിമൺ ഫലകങ്ങളിലാണ് അക്ഷരമാല കൊത്തി വെച്ചിരുന്നത്. 2004 -ലാണ് ഈ നിർണായക കണ്ടെത്തൽ നടന്നതെന്ന് 2021 -ലെ ഒരു അക്കാദമിക് പ്രബന്ധത്തിൽ പറയുന്നുണ്ടെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുമ്പ് അമേരിക്കൻ സൊസൈറ്റി ഓഫ് ഓവർസീസ് റിസർച്ചിന്‍റെ വാർഷിക മീറ്റിംഗിൽ ഗവേഷകരിൽ ഒരാൾ ഈ കണ്ടെത്തലുകൾ അവതരിപ്പിച്ചതോടെയാണ് ഈ നിർണായ കണ്ടെത്തൽ വീണ്ടും ചർച്ചയായത്.
അക്ഷരമാല നിലവിൽ വരുന്നതിന് വളരെ മുമ്പുതന്നെ, പുരാതന മനുഷ്യർ ആശയവിനിമയത്തിന് വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിച്ചിരുന്നു. മെസൊപ്പൊട്ടേമിയയിലെ സുമേറിയക്കാർ ക്യൂണിഫോമുകളോ ചെറിയ ചിത്രങ്ങളോ ഉപയോഗിച്ചപ്പോൾ, പുരാതന ഈജിപ്തുകാർ ഹൈറോഗ്ലിഫിക്‌സ് വികസിപ്പിച്ചെടുത്തു. ഇപ്പോൾ കണ്ടെത്തിയ കളിമൺ ഫലകത്തിലെ എഴുത്ത് എന്താണ് അർത്ഥമാക്കുന്നതെന്ന് വിവർത്തനം ചെയ്യാൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല. ഏതായാലും ഭാഷാ ചരിത്രത്തെ കുറിച്ചുള്ള പഠനത്തിൽ നിർണായകമായ വഴിത്തിരിവാണ് ഈ കണ്ടത്തൽ.