കോട്ടയം : ഓൺലൈൻ തട്ടിപ്പ് വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തു നിന്നും അറസ്റ്റിൽ. ആന്ധ്ര പ്രദേശ്,വിശാഖപട്ടണം, ഗാന്ധിനഗർ സ്വദേശി രമേഷ് വെല്ലംകുള (33) ആണ് കോട്ടയം സൈബർ പോലീസിന്റെ പിടിയിലായത്. ഓൺലൈൻ ഷെയർ ട്രേഡിങ് ബസ്സിനസ്സിലൂടെ ലാഭമുണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ചെറിയ തുക നിക്ഷേപിച്ച് ട്രേഡിങ്ങിലൂടെ എന്ന് പറഞ്ഞു ചെറിയ ലാഭം കൊടുത്ത് വിശ്വാസം ആർജിച്ച ശേഷം, വലിയ തുകയുടെ ട്രേഡിംഗിലൂടെ വലിയ ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലപ്രാവശ്യമായി 1.64 കോടി രൂപ പല അക്കൗണ്ടുകളിൽ നിന്നായി കൈക്കൽ ആക്കുകയായിരുന്നു.
ഏപ്രിൽ 28 മുതൽ മെയ് 20 വരെയുള്ള കാലയളവിൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.NUVAMA WEALTH എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റ് നിർമ്മിച്ചും, ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകൾ ഉപയോഗിച്ചും തട്ടിപ്പുകാർ സംശയം തോന്നാത്ത രീതിയിൽ വിശ്വാസ്യത ഉറപ്പുവരുത്തുകയായിരുന്നു. ഓൺലൈനിൽ ഷെയർ ട്രേഡിംഗിനെ കുറിച്ച് സെർച്ച് ചെയ്ത യുവാവിന് വാട്സാപ്പിൽ കങ്കണ ശർമ എന്ന പേരിൽ ഷെയർ ട്രേഡിംഗിൽ താല്പര്യമുണ്ടോ ഞങ്ങൾ സഹായിക്കാം എന്ന മെസ്സേജ് ലഭിച്ചു. ഈ സമയം NUVAMA WEALTH നെ കുറിച്ചും സ്റ്റാഫിനെ പറ്റിയും അന്വേഷിച്ചതിൽ ഇങ്ങനെ ഒരു സ്ഥാപനം നിലവിൽ ഉണ്ടെന്നും കങ്കണ ശർമ എന്ന ഒരു സ്റ്റാഫ് ഈ സ്ഥാപനത്തിൽ ഉണ്ടെന്നും യുവാവിന് ബോധ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി അയച്ചു കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് യുവാവ് പ്രവേശിച്ചത് തട്ടിപ്പുകാർ തയ്യാറാക്കിയ വ്യാജ കമ്പനിയുടെ സൈറ്റിലാണ്. തട്ടിപ്പുകാർ ആവശ്യപ്പെട്ട തുക അയച്ചുകൊടുത്തു ട്രെഡിങ് നടത്തിയ യുവാവ് നിക്ഷേപിച്ച തുകയ്ക്ക് വലിയ തുക ലാഭമായി തന്റെ അക്കൗണ്ടിൽ വന്നതായി ബോധ്യപ്പെട്ടു, ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെടുകയായിരുന്നു എന്നും തനിക്ക് പണം നഷ്ടപ്പെടുകയായിരുന്നുവെന്നും യുവാവിന് ബോധ്യമായത്.
ജില്ലാ പോലീസ് മേധാവി എ ഷാഹുൽഹമീദിന്റെ നിർദ്ദേശപ്രകാരം കോട്ടയം സൈബർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ് എച്ച് ഒ വി . ആർ ജഗദീഷ് , ഗ്രേഡ് എസ് ഐ വി എൻ സുരേഷ്‌കുമാർ , സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.വി ശ്രീജിത്ത് , സിവിൽ പൊലീസ് ഓഫിസർമാരായ ആർ. സജിത്കുമാർ , കെ.സി രാഹുൽമോൻ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ വിശാഖപട്ടണത്തു നിന്നും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.