മുംബൈ : 2028ല്‍ അമേരിക്കയിലെ ലോസ് എഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്തി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റി. ഇന്ന് നടന്ന മുംബയിലെ ഐ ഒ സി സെഷനിലാണ് ഈ ചരിത്രപരമായ തീരുമാനം. ടി20 ക്രിക്കറ്റാണ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുക ഒപ്പം ബേസ് ബോള്‍ അഥവാ സോഫ്‌റ്റ് ബോള്‍, ഫ്ളാഗ് ഫുട്ബോള്‍, ലാക്രോസ് സിക്‌സസ്,സ്‌ക്വാഷ് എന്നിവയും ഉള്‍പ്പെടുത്തിയതായി ഐ ഒ സി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഈ ഗെയിമികള്‍ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള സാദ്ധ്യതകളെക്കുറിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബാച് മുൻപ് സൂചന നല്‍കിയിരുന്നു, 141ാമത് ഐ ഒ സി യോഗത്തില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ഐ ഒ സി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയര്‍പേഴ്‌സണുമായ നിത അംബാനി പറഞ്ഞു.
ബേസ്‌ബോളും ക്രിക്കറ്റും ലാക്രോസും ഒളിമ്പിക്‌സിലേക്ക് മടങ്ങിവരുമ്പോള്‍ സ്‌ക്വാഷും ഫ്ളാഗ് ഫുട്ബോളും ആദ്യമായാണ് ഉള്‍പ്പെടുന്നത്. 128 വര്‍ഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഉള്‍പ്പെടുന്നത്. ഏറ്റവും ചെറിയ ഫോര്‍മാറ്റായ ട്വന്റി 20യാണ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെട്ടത്. ലാക്രോസെ ആകട്ടെ 1904ലെ സെന്റ് ലൂയിസ് ഒളിമ്പിക്‌സിലും 1908ലെ ലണ്ടൻ ഒളിമ്പിക്‌സിലുമാണ് ഉള്‍പ്പെട്ടത്. ഈ മത്സരയിനങ്ങള്‍ കൂടി ഉള്‍പ്പെട്ടതോടെ ആകെ ഒളിമ്ബിക്‌സിലെ മത്സരവിഭാഗങ്ങള്‍ 33 ആയി.നേരത്തെ ഒക്‌ടോബര്‍ 14ന് ഐ ഒ സിയുടെ സെഷൻ ഉദ്ഘാടനം ചെയ്‌തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 2036ലെ ഒളിമ്പിക്‌സിനെ വരവേല്‍ക്കാൻ ഇന്ത്യ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും 140 കോടി ഇന്ത്യക്കാരുടെ സ്വപ്‌നമാണിതെന്നുമാണ് പ്രധാനമന്ത്രി അന്ന് പ്രസംഗിച്ചത്.