സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒമ്പത് വരെ; വിവിധ നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒമ്പത് വരെ സംഘടിപ്പിക്കാൻ തീരുമാനം. സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Advertisements

ഓണാഘോഷം വിപുലമായും ആകർഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ നടത്തും. ഹരിത ചട്ടം പാലിച്ചുകൊണ്ട് ഹരിത ഓണം എന്ന നിലയിലാവും പരിപാടികൾ നടത്തുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ, സിഡിഎസ്, എഡിഎസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്. അതിൻ്റെ വിളവെടുപ്പ് ഓണത്തിന് മുമ്പ് നടത്തും. ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ടും ഓൺലൈനായും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ ഓണച്ചന്തകൾ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലും തുടങ്ങും.

സാംസ്കാരിക മേഖലയിലെ സ്ഥാപനങ്ങൾ മുഖേന കൾച്ചറൽ പ്രോഗ്രാമുകളും ഫിഷറീസ് മേഖലയിൽ വള്ളങ്ങൾ ഉൾപ്പെടുത്തി ആളുകളെ ആകർഷിക്കുന്ന പരിപാടികളും നടത്തുന്ന കാര്യം ആലോചിക്കുമെന്ന് യോ​ഗത്തിൽ പറഞ്ഞു. കൺസ്യൂമർഫെഡ് വഴിയും പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിതരണം നടത്തുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. കൂടുതൽ പ്രാഥമിക സംഘങ്ങൾ പച്ചക്കറി കൃഷി ചെയ്ത് ഓണം വിപണിയിലേക്ക് കൊണ്ടുവരികയാണ്. ഹോർട്ടി കോർപ്പിന്റെ പച്ചക്കറി ചന്തകളും കൃഷി വകുപ്പിന്റെ മറ്റ് സംവിധാനങ്ങളും സജീവമാക്കി കൂടുതൽ ഇനങ്ങൾ ചന്തയിൽ എത്തിക്കുകയും ചെയ്യും.

യോഗത്തിൽ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, വിഎൻ വാസവൻ, സജി ചെറിയാൻ, ജെ ചിഞ്ചുറാണി, ജിആർ അനിൽ, എംബി രാജേഷ്, വി ശിവൻകുട്ടി പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles