തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം കൂട്ടായ്മയ്ക്ക് പത്തരമാറ്റേകാൻ ഇന്ന് കേരളത്തിന്റെ വാനമ്പാടിയെത്തും. ഗായിക കെ.എസ്.ചിത്ര പങ്കെടുക്കുന്ന സംഗീത നിശയാണ് കനക്കുന്നിലെ ഓണം കൂട്ടായ്മയില്‍ ഇന്നത്തെ പ്രത്യേകത. തലസ്ഥാനത്ത് ഓണാഘോഷം തുടങ്ങിയിട്ടേയുള്ളൂ. ഉത്രാടപ്പാച്ചിലിന്റെ തിരക്കൊഴിഞ്ഞാല്‍ ഇന്ന് വൈകുന്നേരം കനക്കുന്നിലേക്ക് പോന്നോളൂ. ആല്‍മരം ബാൻഡിനൊപ്പം കെ.എസ്.ചിത്രയുമുണ്ടാകും നിശാഗന്ധിയില്‍ ഇന്ന്. മിനി സ്റ്റേജില്‍ വില്‍പാട്ടും നാടകവുമുണ്ടാകും. കനക്കുന്നില്‍ സ്റ്റാളുകളും ഒരുങ്ങിക്കകഴിഞ്ഞു. വിപുലമായ പ്രദര്‍ശന വിപണന മേളയാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ഇന്നലെ പുലികളിയോടെയായിരുന്നു ഓണം കൂട്ടായ്മയ്ക്ക് തുടക്കമായത്. ആദ്യ ദിനം നിശാഗന്ധിയില്‍ ഊരാളി സംഘം കാണികളെ കയ്യിലെടുത്തു. 22-ാം തീയ്യതി വരെയാണ് കനക്കുന്നിലെ ഓണം കൂട്ടായ്മ. വരും ദിവസങ്ങളിലും മുൻനിര താരങ്ങളും ഗായക സംഘങ്ങളും ആഘോഷത്തില്‍ പങ്കെടുക്കും. ആഘോഷ
പരിപാടിയില്‍ നിന്നുള്ള ടിക്കറ്റ് വരുമാനത്തിന്റെ ഒരു വിഹിതം വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി കൈമാറും.