പത്തനംതിട്ട: ദമ്ബതിമാർക്ക് 12 വർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ തടയണയില്‍നിന്ന് അച്ചൻകോവിലാറ്റില്‍ വീണ് മരിച്ചു.രക്ഷിക്കാനായി ആറ്റിലേക്ക് ചാടിയ സഹപാഠിയെ കണ്ടെത്താനായില്ല. പത്തനംതിട്ട ചിറ്റൂർ തടത്തില്‍ എൻ.എം. അജീബിന്റെയും സലീനയുടെയും ഏകമകൻ എം. അജ്സല്‍ അജീബ് (14) ആണ് മരിച്ചത്. പത്തനംതിട്ട ഓലിപ്പാട്ട് വീട്ടില്‍ ഒ.എച്ച്.നിസാമിന്റെയും ഷെബാനയുടെയും മകൻ നബീല്‍ നിസാമിനെയാണ് കാണാതായത്.
ഇരുവരും പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻഡറി സ്കൂളില്‍ ഒൻപതാംക്ലാസ് വിദ്യാർഥികളാണ്. പത്തനംതിട്ട കല്ലറക്കടവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നബീല്‍ നിസാമിനുവേണ്ടി വൈകീട്ടുവരെ തിരഞ്ഞെയെങ്കിലും കണ്ടെത്താനായില്ല. ഓണപ്പരീക്ഷ അവസാനവിഷയം എഴുതിയശേഷം ഉച്ചയ്ക്ക് സ്കൂളിലെ എട്ട് വിദ്യാർഥികളാണ് കല്ലറക്കടവിലെത്തിയത്. കുടിവെള്ളപദ്ധതിക്കുവേണ്ടി കെട്ടിയ തടയണയുടെ മുകളില്‍കയറി നിന്നപ്പോള്‍ കാല്‍വഴുതി അജ്സല്‍ ആറ്റിലേക്ക് വീണു. കൂട്ടുകാരൻ ഒഴുകിപ്പോകുന്നത് കണ്ടതോടെ രക്ഷിക്കാൻ നബീല്‍ ചാടുകയുമായിരുന്നു. കണ്ടുനിന്ന മറ്റ് കുട്ടികളുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയച്ചത്.
പത്തനംതിട്ട, ചെങ്ങന്നൂർ അഗ്നിരക്ഷാസേന സ്കൂബാടീമുകളാണ് തിരച്ചില്‍ നടത്തിയത്. ആറ്റിലേക്ക് വീണിടത്തുനിന്ന് നൂറുമീറ്റർ അകലെനിന്നാണ് 3.50-ഓടെ അജ്സലിന്റെ മൃതദേഹം കണ്ടെടുത്തത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കബറടക്കം ബുധനാഴ്ച ഒന്നിന് പത്തനംതിട്ട ടൗണ്‍ ജുമാമസ്ജിദ് കബർസ്ഥാനില്‍. നബീലിനായുള്ള തിരച്ചില്‍ ബുധനാഴ്ച രാവിലെ ഏഴിന് പുനരാരംഭിക്കുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
ഒരു ക്ലാസില്‍ ഒരു മനവുമായി പഠിച്ച കൂട്ടുകാർ. കല്ലറക്കടവ് തടയണയില്‍ അച്ചൻകോവിലാറ്റിലേക്ക് വീണ അജ്സലിനെയും നബീലിനെയും അധ്യാപകർ ഓർക്കുന്നത് ഇങ്ങനെയാണ്. അതുകൊണ്ടുതന്നെ അജ്സല്‍ വെള്ളത്തില്‍ ജീവനായി പിടയുന്നത് കണ്ടുനില്ക്കാൻ നബീലിനായില്ല.
പത്തനംതിട്ട മർത്തോമാ ഹയർ സെക്കൻഡറി സ്കൂളില്‍ എത്തിയ സമയം മുതല്‍ ഇരുവരും ഉറ്റസുഹൃത്തുക്കളാണെന്ന് അധ്യാപകർ പറയുന്നു. ഒൻപതാം ക്ലാസിലെ ബി ഡിവിഷനില്‍ ഇരുവരും അടുത്തടുത്ത ഇടങ്ങളിലാണ് ഇരുന്നത്. ഉച്ചഭക്ഷണവും വീട്ടിലേക്കുള്ള യാത്രയും ഒരുമിച്ച്. ഓണം പൊളിക്കുമെന്ന് പറഞ്ഞായിരുന്നു ഇരുവരും പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്ന് പോയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ദുരന്ത വാർത്തയെത്തുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഒന്നും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സഹപാഠികള്‍.