ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്കി. സമഗ്രമായ ബില്‍ പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുമെന്നാണ് സൂചന. ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുൻ പ്രസിഡൻ്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ട് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് അംഗീകാരം നല്‍കിയത്.
ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിടും. കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനായി’ ശക്തമായി വാദിച്ചിരുന്നു. ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കുന്നുവെന്നായിരുന്നു വാദം. കൂടാതെ രാം നാഥ് കോവിന്ദ് കുറച്ച് നിർദ്ദേശങ്ങളും മുന്നോട് വെച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരഞ്ഞെടുപ്പ് സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നതാണ് ഏറ്റവും സുപ്രധാന നിർദ്ദേശം. തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തുകയും വേണം. 2029 ൽ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിന് ഇടയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്ക്കേണ്ടിയും വരും. നാല് വർഷം, മൂന്ന് വർഷം, രണ്ട് വർഷം, ഒരു വർഷം എന്നിങ്ങനെ നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കപ്പെടും.
ജാർഖണ്ഡ്, ബീഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി നാല് വർഷമായി വെട്ടിച്ചുരുക്കേണ്ടി വരും. കേരളം, ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്ന് വർഷമാക്കേണ്ടി വരും. മണിപ്പൂർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ നിയമസഭാ കാലവധി രണ്ട് വർഷമായും ഹിമാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, തെലങ്കാന, മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടേത് ഒരു വർഷമായും വെട്ടിച്ചുരുക്കേണ്ട സാഹചര്യമുണ്ടാകും.