ദില്ലി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്.
രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് പരിഭ്രാന്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. പാർലമെന്റിൽ അദാനിക്കെതിരെ താൻ സംസാരിക്കുമ്പോഴും ഇതേ പരിഭ്രാന്തി കാണാം. അദാനിയെ തൊട്ടാൽ മോദി പരിഭ്രാന്ത്രനാകുമെന്നും പ്രത്യേക പാർലമെന്റ് സമ്മേളനത്തിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയുടെ യോഗം നടക്കുന്ന മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ പരാമര്‍ശിച്ചായിരുന്നു മമതയുടെ പ്രതികരണം.