ഹൈദരാബാദ്: യുക്രൈനുമായുള്ള യുദ്ധത്തിനിടെ റഷ്യന്‍ സൈന്യത്തില്‍ സഹായിയായി പ്രവര്‍ത്തിച്ച ഒരു ഇന്ത്യക്കാരന് കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹൈദരാബാദ് സ്വദേശിയായ 30കാരന് മുഹമ്മദ് അസ്ഫാന് ആണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ 23കാരന് ഹാമില്‍ മംഗുകിയ എന്ന യുവാവും മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, റഷ്യയിലെ യുദ്ധ മേഖലയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നു. യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈന്യം നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ഏഴു പേരാണ് രംഗത്തെത്തിയത്. പഞ്ചാബ് സ്വദേശി രവ്നീത് സിംഗ് എന്ന യുവാവും സംഘവുമാണ് തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ പുറത്തുവിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”എനിക്കൊപ്പം പഞ്ചാബില്‍ നിന്നുള്ള ഏഴു പേരാണ് കുടുങ്ങി കിടക്കുന്നത്. ഡിസംബര്‍ 27ന് പുതുവര്‍ഷത്തിനായി വിനോദസഞ്ചാരികളായാണ് റഷ്യയിലെത്തിയത്. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സഹായിച്ച ഒരു ഏജന്റ്, ഞങ്ങളെ ബെലാറസിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. ബെലാറസില്‍ എത്തിയപ്പോള്‍ ഏജന്റ് കൂടുതല്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണമില്ലാത്തതിനാല്‍ അയാള്‍ ഞങ്ങളെ ഒരു ഹൈവേയില്‍ ഉപേക്ഷിച്ചു. പിന്നാലെ എത്തിയ പൊലീസ് ഞങ്ങളെ പിടികൂടി റഷ്യന്‍ സൈന്യത്തിന് കൈമാറി.
അവര്‍ ഒരു അജ്ഞാത സ്ഥലത്ത് നാല് ദിവസം പൂട്ടിയിട്ടു. ദിവസങ്ങള്‍ക്ക് ശേഷം സൈന്യത്തിന്റെ സഹായികളായും ഡ്രൈവര്‍മാരായും പാചകക്കാരായും ജോലി ചെയ്യാനുള്ള കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. അല്ലെങ്കില്‍ 10 വര്‍ഷം ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. മറ്റ് വഴിയില്ലാത്തതിനാല്‍ ഞങ്ങള്‍ കരാറില്‍ ഒപ്പിട്ടു. തുടര്‍ന്ന് സൈനിക പരിശീലന കേന്ദ്രത്തില്‍ എത്തിച്ചതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്. പിന്നീട് യുദ്ധത്തില്‍ മേഖലയിലേക്ക് കൊണ്ടുപോയി യുദ്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരും എംബസിയും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”-യുവാവ് വീഡിയോയില്‍ പറഞ്ഞു. സൈനിക യൂണിഫോം ധരിച്ച അടഞ്ഞ ഒരു മുറിയില്‍ വച്ച് ചിത്രീകരിച്ച വീഡിയോയിലാണ് ഇവര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
പഞ്ചാബ്, കാശ്മീര്‍, കര്‍ണാടക, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പേര് റഷ്യയില്‍ കുടുങ്ങിയതായി സ്ഥിരീകരണമുണ്ടായിരുന്നു. യൂട്യൂബ് ചാനലിലെ ജോലി വാഗ്ദാന വീഡിയോ കണ്ട് റഷ്യയില്‍ എത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും കേന്ദ്ര വക്താവ് പറഞ്ഞിരുന്നു.