ബംഗളൂരു: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണ് ബംഗളൂരുവിലെ 29കാരിയായ അഭിഭാഷക. 14 ലക്ഷം രൂപ യുവതിയില്‍ നിന്ന് തട്ടിയെടുത്ത സംഘം നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ബ്ലാക്മെയില്‍ ചെയ്ത് ആവശ്യപ്പെട്ടത് പത്ത് ലക്ഷം രൂപ കൂടി നല്‍കണമെന്നാണ്. ഇതേത്തുടര്‍ന്ന് തട്ടിപ്പ് മനസ്സിലായ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. മുംബയ് സൈബര്‍ സെല്‍, സിബിഐ ഉദ്യോഗസ്ഥര്‍ എന്ന് ഫോണിലൂടെ പരിചയപ്പെടുത്തിയ സംഘം രണ്ട് ദിവസത്തോളം അഭിഭാഷകയുടെ കമ്ബ്യൂട്ടറിലെ ക്യാമറയും മൈക്രോഫോണും നിര്‍ബന്ധിച്ച് ഓണാക്കി വെച്ചു.
സംഭവം ഇങ്ങനെ: മുംബയിലെ സൈബര്‍ ക്രൈം വിഭാഗത്തിലേയും സിബിഐയിലേയും ഉദ്യോഗസ്ഥരാണ് എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം അഭിഭാഷകയെ ഫോണില്‍ ബന്ധപ്പെട്ടത്. ഏപ്രില്‍ മൂന്നിന് ഒരു കുറിയര്‍ ഏജന്‍സിയില്‍ നിന്നാണ് എന്ന് പറഞ്ഞാണ് ആദ്യത്തെ ഫോണ്‍കോള്‍ വന്നത്. നിങ്ങളുടെ പേരിലുള്ള ഒരു പാഴ്സല്‍ തിരികെ വന്നു എന്നാണ് ആദ്യം പറഞ്ഞത്. മുംബയില്‍ നിന്ന് തായ്ലാന്‍ഡിലേക്ക് അയച്ച പാഴ്സലില്‍ അഞ്ച് പാസ്പോര്‍ട്ടുകളും മൂന്ന് ക്രെഡിറ്റ് കാര്‍ഡുകളും എംഡിഎംഎയുടെ 140 ടാബ്ലെറ്റുകളും ഉണ്ടായിരുന്നുവെന്നും ഫോണില്‍ അറിയിച്ചു. തനിക്ക് ഇതുമായി ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞപ്പോള്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണെന്ന് പറഞ്ഞാണ് മറ്റൊരാള്‍ക്ക് ഫോണ്‍ നല്‍കിയത്. സ്കൈപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് സ്കൈപ്പില്‍ അഭിഭാഷകയോട് ആധാര്‍ നമ്ബര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് ലഹരിക്കടത്ത് തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ ആധാര്‍ നമ്ബര്‍ നിരീക്ഷണത്തിലാണെന്നും യുവതിയെ പറഞ്ഞ് പറ്റിക്കുകയായിരുന്നു സംഘം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിക്ഷേപങ്ങളും ബാങ്ക് ബാലന്‍സും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയ സംഘം ഇതെല്ലാം ഒരു പേപ്പറില്‍ എഴുതിയെടുത്തു. ഇതിന് ശേഷം നാര്‍ക്കോടിക്സ് പരിശോധനയ്ക്കെന്ന വ്യാജേന അഭിഭാഷകയോട് വസ്ത്രങ്ങള്‍ മാറ്റാനും സംഘം ആവശ്യപ്പെട്ടു. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ലഹരിക്കേസില്‍ അകത്ത് പോകേണ്ടി വരുമെന്നും കൊലപ്പെടുത്തുമെന്നും സംഘം ഭീഷണിപ്പെടുത്തി. ഇതിന് ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് 10 ലക്ഷം രൂപ കൂടി തട്ടിയെടുക്കാനാണ് സംഘം ശ്രമിച്ചത്. പണം നല്‍കിയില്ലെങ്കില്‍ നാര്‍ക്കോടിക്സ് പരിശോധനയ്ക്കായി റെക്കോഡ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുമെന്നും ഡാര്‍ക്ക് വെബില്‍ വിറ്റ് കാശാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് തട്ടിപ്പിന് ഇരയായി എന്ന കാര്യം യുവതിക്ക് മനസ്സിലായത്. അതുവരെയുള്ള കാര്യങ്ങള്‍ വീട്ടില്‍ പോലും അറിയിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് യുവതി നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.