ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ കൂടി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് പല തവണകളായി 86 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ

കോട്ടയം: ഇലക്കാട് സ്വദേശിയായ യുവാവിന്റെ പക്കൽ നിന്നും ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ കൂടി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 86 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.
എറണാകുളം ചിറ്റൂർ മൂലമ്പള്ളി ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ജെവിൻ ജേക്കബിനെ (33) എറണാകുളം വൈപ്പിൻ എളങ്കുന്നപ്പുഴ, പനയ്ക്കപ്പാടം ഭാഗത്ത് നിന്നും കോട്ടയം സൈബർ പോലീസ് അറസ്റ്റ് ചെയ്തു. 2025 ജൂൺ 10മുതൽ ജൂലൈ 25 വരെ പല തവണകളായി 86 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ഓൺലൈൻ ട്രേഡിങ് ബിസിനസ്സിലൂടെ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു കൊണ്ട് യുവാവിനെ പ്രതി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി തുടർന്ന് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെറിയ ലാഭം തിരിച്ചു നൽകുകയും ചെയ്തു. പിന്നീട് വലിയ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുകയായിരുന്നു. നിക്ഷേപിച്ച തുകയുടെ ലാഭ വിഹിതം ഇവരുടെ തന്നെ ഓൺലൈൻ വെർച്ച്വൽ അക്കൗണ്ടിൽ കാണിക്കുകയും തുക പിൻവലിക്കാൻ 14 മുതൽ 21 ദിവസം വരെ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ സംശയം തോന്നിയ യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തുടനീളം സഞ്ചരിച്ച് തട്ടിപ്പുകൾ നടത്തി വന്ന പ്രതിയെ 10 ദിവസമായി വിവിധ മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് കോട്ടയം സൈബർ സെൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ജില്ലാ പോലീസ് മേധാവി എഷാഹുൽ ഹമീദിൻറെ നിർദ്ദേശ പ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാർ വി.എസ് , കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഹണി കെ. ദാസ്, എസ്.ഐ സുരേഷ് കുമാർ, എ.എസ്.ഐ മാരായ ഷൈൻകുമാർ കെ.സി, തോമസ് ടി.വി., സിവിൽ പൊലീസ് ഓഫിസർ രാഹുൽ എന്നിവരടങ്ങുന്ന സൈബർ ടീം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പല സംസ്ഥാനങ്ങളിലായി സമാനമായ 8 കേസുകൾ നിലവിലുണ്ടെങ്കിലും പിടിയിലാകുന്നത് ആദ്യമായാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles