കോട്ടയം : ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയെ ചിലയാളുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ആ നന്മ കൂടുതല്‍ തിരിച്ചറിയുകയെന്ന് നടനും സംവിധായകനുമായ ജോയി മാത്യു. ശനിയാഴ്ച പുതുപ്പള്ളി ഓര്‍ത്തഡോക്സ് വലിയപള്ളി കല്ലറയിലെത്തി പ്രാര്‍ഥിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടെങ്കില്‍ അതില്‍ ഒരു നന്മയുണ്ട്. ആ നന്മ കുറച്ചുകാലംകൂടി ഈ പരിസരത്തുണ്ടാകുമെന്നതിനാലാണ് അധികംവൈകാതെ കല്ലറയില്‍ എത്തിയത്.
ആ വ്യക്തിപ്രഭാവം മരിച്ച് കഴിഞ്ഞപ്പോഴാണ് കൂടുതല്‍ തിരിച്ചറിഞ്ഞത്. അത്തരം വ്യക്തികളുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. അങ്ങനെയുള്ള ആളിന്റെ മരണാനന്തരചടങ്ങിന്റെ തിരക്കില്‍പ്പെടാൻ ആഗ്രഹിച്ചില്ല. പക്ഷേ, എപ്പോഴെങ്കിലും വന്നില്ലെങ്കില്‍ കുറ്റബോധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.