തിരുവനന്തപുരം : സോളാര്‍ വിവാദത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. നട്ടാല്‍ക്കുരുക്കാത്ത പച്ചക്കള്ളങ്ങള്‍ കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ പറഞ്ഞു.ഉമ്മൻചാണ്ടിക്കെതിരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി. നിയമസഭയ്ക്ക് അകത്തും വലിയ അവഹേളനം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. വി എസ് അച്യുതാനന്ദനെ പോലുളള ആളുകള്‍ ഏറ്റവും ഹീനമായ തരത്തില്‍ വ്യക്തിഹത്യ നടത്തി. സിബിഐ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ പച്ചക്കള്ളങ്ങളുടെ ഗോപുരത്തിന് മുകളില്‍ ഇരുന്നാണ് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചത് എന്ന ബോധ്യം കേരളീയ സമൂഹത്തിനുണ്ടാകുന്നു’, ഷാഫി പറമ്പില്‍ പറഞ്ഞു.
‘കേരളത്തിന്റെ മുഖ്യമന്ത്രിയും ആ വേട്ടയാടലില്‍ പങ്കുളള മുഴുവന്‍ ആളുകളും ഉമ്മന്‍ചാണ്ടിയോട് മാപ്പ് പറയാതെ സഭയില്‍ ഈ ചര്‍ച്ച അവസാനിപ്പിക്കരുത്. ഒരു കത്തിന്റെ പുറത്താണ് ആരോപണങ്ങള്‍ അദ്ദേഹത്തിന് എതിരെ തിരിച്ച് വിട്ടത്. 6 വ്യാജ കത്തുകളുടെ പേരില്‍ അദ്ദേഹത്തിന് എതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ മാപ്പ് പറയാതെ കേരളം അവരോട് പൊറുക്കില്ല’.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കേരളത്തെ സംബന്ധിച്ച് ഈ കേസ് ഒരു രാഷ്ട്രീയ ദുരന്തമാണ്. കെബി ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് പത്തനംതിട്ടയില്‍ ചെന്ന് കത്തുകള്‍ കൈപ്പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍വെച്ച് ബിജു രാധാകൃഷ്ണനെ കണ്ടത് എന്തിനെന്ന പേരില്‍ ഒരുപാട് ബഹളം നടന്നു. അവസാനം വരെയും അത് എന്തിനെന്ന് പറയാതെ അദ്ദേഹം മൗനം പാലിച്ചുവെന്നും ഷാഫി ചൂണ്ടിക്കാട്ടി.
അദ്ദേഹം നിരപരാധി ആണെന്ന് അറിഞ്ഞിട്ടും ക്രൂരമായി വേട്ടയാടിയിട്ടും അദ്ദേഹത്തിന്റെ പേര് കത്തില്‍ പിന്നീട് ചേര്‍ത്തതാണ് എന്ന് അറിഞ്ഞിട്ടും ആര്‍ക്ക് വേണ്ടിയാണോ മൗനം പാലിച്ചത് അവരും മൗനത്തിലായിരുന്നു. ആ കത്ത് ആദ്യം കൈപ്പറ്റിയവരില്‍ നിന്നും പിന്നെ വാങ്ങിയത് ദല്ലാള്‍ നന്ദകുമാര്‍ ആണ്. 50 ലക്ഷം പരാതിക്കാരിക്ക് കൊടുത്താണ് കത്ത് വാങ്ങിയതെന്ന് പറയുന്നു. അധികാരമേറ്റതിന്റെ മൂന്നാം നാള് ആ പരാതിക്കാരിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്ന് കാണാനുളള അവസരം കൊടുത്തത് എങ്ങനെ എന്നുളള ചോദ്യമുണ്ട്’.