തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.
ഒരാളേയും വ്യക്തിഹത്യ നടത്താൻ തയ്യാറായിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലപാട്.
വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണെന്ന് പറഞ്ഞ ഇപി, മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് കോൺഗ്രസും യുഡിഎഫുമെന്നും കുറ്റപ്പെടുത്തി.
സിപിഎം സംഘടനാ സംവിധാനം എപ്പോൾ തെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാൽ തീരുമാനം ഉടനുണ്ടാകും. തെരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരമല്ലെന്ന് പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ ആവശ്യം തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഇഎംഎസിനും നായനാർക്കും എതിരെ മത്സരം ഉണ്ടായിട്ടില്ലേയെന്ന് ചോദിച്ച ഇടത് കൺവീനർ, ദുർബല രാഷ്ട്രീയമുള്ളവരാണ് തെരഞ്ഞെടുപ്പ് ഭയപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയ നയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും വിശദീകരിച്ചു.