ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട ഭീകരന്‍റെ സംസ്കാര ചടങ്ങിൽ ലഷ്കർ ഭീകരനെത്തി; തടഞ്ഞ് നാട്ടുകാരും ബന്ധുക്കളും; സംഘർഷം

ഇസ്ലാമാബാദ്: ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പാക് ഭീകരന്‍റെ സംസ്കാരത്തിനിടെ സംഘർഷം. പാക് അധീന കശ്മീർ സ്വദേശിയും ലഷ്കർ ഭീകരനുമായ താഹിർ ഹബീബിന്‍റെ സംസ്കാര ചടങ്ങിൽ ലഷ്കർ കമാൻഡർ പങ്കെടുത്തതാണ് കാരണം. ലഷ്കർ കമാൻഡർ റിസ് വാൻ ഹനീഫ് പങ്കെടുക്കുന്നതിനെ നാട്ടുകാരും ബന്ധുക്കളും എതിർത്തു. ഭീകരനൊപ്പം ഉണ്ടായിരുന്നവർ നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടിയതായും റിപ്പോർട്ട് ‘

Advertisements

പാക് അധീന കശ്മീരിലെ ഖായ് ഗാല സ്വദേശിയാണ് താഹിർ. ഇയാൾ മുൻ പാക് സൈനികനാണ്. ഇന്നലെ രാത്രി വളരെ വൈകിയാണ് സംസ്കാരം നടന്നത്. ലഷ്കർ കമാൻഡർ സംസ്കാര ചടങ്ങിന് എത്തിയപ്പോൾ ഗ്രാമീണർ തടഞ്ഞെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തീവ്രവാദത്തോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ചാണ് തടഞ്ഞത്. തുടർന്ന് ഭീകരനൊപ്പം ഉണ്ടായിരുന്നവർ നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടിയതായും റിപ്പോർട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭീകര പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനെതിരെ ഗ്രാമീണർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാക് സൈന്യത്തിന്‍റെ പിൻബലത്തോടെ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ ഗ്രാമീണർ ശബ്ദമുയർത്തുന്നു എന്നാണ് പാക് അധീന കശ്മീരിൽ നിന്ന് വരുന്ന റിപ്പോർട്ട്.

ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്. അവർ ഏപ്രിൽ 22ന് പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ അറിയിച്ചിരുന്നു. പാകിസ്ഥാനിലേക്ക് രക്ഷപ്പെടാൻ ഭീകരരെ അനുവദിച്ചില്ല. പഹൽഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ സ്ഥിരം നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. മെയ് 22ന് ഇവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. അന്നു മുതൽ തുടങ്ങിയ ഓപ്പറേഷനാണ് ഭീകരരെ വധിക്കുന്നതിലേക്ക് നയിച്ചത്. ഭീകരരെ സഹായിച്ചവരെ നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഈ ഭീകരരെ തിരിച്ചറിഞ്ഞു. ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹൽഗാമിൽ ഉപയോഗിച്ച അതേ ആയുധങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ഓപ്പറേഷൻ മഹാദേവിലൂടെ കൊലപ്പെടുത്തിയ പാക് ഭീകരരുടെ കൈവശം ഇന്ത്യൻ ആധാർ കാർഡുകളടക്കം കണ്ടെത്തി. ശ്രീനഗർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ വിലാസത്തിലുള്ള ആധാർ കാർഡുകളാണ് കണ്ടെത്തിയത്. ഭീകരർ ഇത് വ്യാജമായി സംഘടിപ്പിച്ചതെന്നാണ് സംശയം. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും കണ്ടെത്തിയ ഫോണുകളും മറ്റ് ഉപകരണങ്ങളും പരിശോധിക്കുകയാണ്. മൂന്ന് ഫോണുകളും മറ്റും ആശയവിനിമ ഉപകരണങ്ങളിലുമാണ് പരിശോധന നടക്കുന്നത്. ഭീകരരരിൽ നിന്ന് പാക് തിരിച്ചറിയൽ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരർക്ക് സഹായം നൽകിയവരെയടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.

Hot Topics

Related Articles