കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഇതിനാല്‍ രണ്ട് ജില്ലകളലും ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. രാവിലെ ഈ രണ്ട് ജില്ലകളിലുമുണ്ടായിരുന്ന യെല്ലോ അലര്‍ട്ടാണ് ഓറഞ്ച് അലര്‍ട്ടായി മാറ്റിയത്. വൈകിട്ടോടെ പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Advertisements

ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. ശക്തമായ കാറ്റോടുകൂടിയുള്ള മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഒക്ടോബര്‍ 12ന് ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും 13ന് ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍,മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Hot Topics

Related Articles