ഓർമ്മകളിൽ പൂവിട്ട് പ്രിയ അധ്യാപിക ; വേർപിരിഞ്ഞ അധ്യാപികയുടെ ഓർമ്മയ്ക്കായ് വനിതാ ദിനത്തിൽ നട്ട മരം മൊട്ടിട്ടത് അധ്യാപികയുടെ പിറന്നാൾ ദിനത്തിൽ ; ആകസ്മികത നിറഞ്ഞ അപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷിയായ് സിഎംഎസ് കോളേജ്

കോട്ടയം : മരണപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണുനീർ തുള്ളികൾ സമ്മാനമായി പൊഴിക്കാറുണ്ട് ചിലർ. ചിലർ ഓർമ്മകളിൽ വേദനയും പേറി ശിഷ്ടകാലത്തെ ജീവിതം കഴിഞ്ഞ കാല ഓർമ്മകളോടൊത്ത് കഴിച്ചു കൂട്ടും. ഓർമ്മകളുടെ സുദീർഘകാലം വിദ്യാഭ്യാസ കാലഘട്ടത്തിൽ സമ്മാനിക്കുന്നതിൽ കലാലയങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. അവിടെ സ്നേഹത്തിന്റെ നനുത്ത സ്പർശമായി അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്ന് നൽകുന്ന അധ്യാപക ലോകത്തെ ഏറെ പ്രിയപ്പെട്ടവരുടെ പട്ടികയിലാണ് വിദ്യാർത്ഥികൾ ഇടം ചേർക്കാറുള്ളത്.

Advertisements

ഏറെ പ്രിയപ്പെട്ട അധ്യാപകരുടെ വിയോഗം കലാലയത്തിനും വിദ്യാർത്ഥി സമൂഹത്തിനും നൽകുന്ന നഷ്ടവും തീരാ ദുഃഖവും വളരെ വലുതാണ്. പ്രിയപ്പെട്ട അധ്യാപകർ ബാക്കിയാക്കുന്ന ഓർമ്മകൾ കലാലയത്തിന്റെ ഇടനാഴികളിൽ തളം കെട്ടി നിൽക്കാറുണ്ട്. അത്തരത്തിൽ ഭൂതകാല സ്മരണകളുടെ നനുത്ത ഓർമ്മകളെ കരുതലോടെ ചേർത്തു വയ്ക്കുകയാണ് സി എം എസ് കോളേജിലെ അധ്യാപകരും ഒരു പറ്റം വിദ്യാർത്ഥികളും. മരണപ്പെട്ട ഇംഗ്ലീഷ് വിഭാഗം അധ്യാപിക സിന്നിയുടെ ഓർമ്മകളെ കലാലയത്തിൽ ചേർത്തു വയ്ക്കുകയായിരുന്നു അവർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാലാഖ മരം എന്ന പേരിൽ കലാലയത്തിനുളളിൽ പ്രിയപ്പെട്ട അധ്യാപികയുടെ ഓർമ്മൾക്കായി അവർ ഒരു മരം നട്ടു. സിഎംഎസ്‌ കോളേജ് വുമൺസ് സ്റ്റഡി സെന്റർ നേതൃത്വത്തിൽ കോളേജ് പ്രധാന ഓഫീസിന് സമീപം നട്ടുവളർത്തിയ അരളി മരമാണ് പ്രിയ അധ്യാപികയുടെ ഓർമ്മകളെ സമ്പുഷ്ടമാക്കുന്നത്. സിന്നിയുടെ ഓർമ്മയ്ക്കായ് നട്ടുവളർത്തിയ ചെടിയാകട്ടെ തന്റെ പിറന്നാൾ ദിനത്തിൽ തന്നെ മൊട്ടിട്ടു കൊണ്ട് കലാലയത്തോടുള്ള തന്റെ സ്നേഹം തിരിച്ച് പ്രകടപ്പിച്ചു. ഒരു നാളും വിട പറയുവാൻ ആഗ്രഹിക്കാഞ്ഞ കലാലയത്തിൽ നിന്നും ഓർമ്മകൾ ബാക്കിയാക്കി പറന്ന് അകലുമ്പോഴും വീണ്ടും അരളി പുഷ്പമായി പുത്തുലഞ്ഞ് അടുത്ത ജന്മത്തിലും കലാലയ മുത്തശ്ശിയുടെ ഭാഗമാവുകയാണ് സിന്നി എന്ന പ്രിയപ്പെട്ട അധ്യാപിക.

വുമൺ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ഡയറക്ടർ ഡോ. സുമി മേരി തോമസാണ് ഈ ആശയത്തെ രൂപപ്പെടുത്തിയതും പ്രാവർത്തികമാക്കിയതും . കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വാ നേതൃത്വമായി മുന്നിൽ നിന്നു. വിദ്യാർത്ഥികളും മറ്റ് അധ്യാപകരും കൂടി ചേർന്നതോടെ ആശയം സമ്പൂർണ്ണമായി. വനിതാ ദിനത്തിൽ നട്ടു പിടിപ്പിച്ച ചെടിയാകട്ടെ അധ്യാപികയുടെ പിറന്നാൾ ദിനത്തിൽ തന്നെ മൊട്ടിട്ട് വേർപിരിഞ്ഞ അധ്യാപികയുടെ സ്നേഹത്തെ നിറഞ്ഞ മനസ്റ്റോടെ തിരികെ നൽകിയിരിക്കുകയാണ്.

പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുൻപിൽ പ്രതികാത്മകമായി മരങ്ങൾ നട്ട് വളർത്താറുണ്ടെങ്കിലും അതവരുടെ പിറന്നാൾ ദിനത്തിൽ തന്നെ മൊട്ടിട്ട് വളർന്നത് ആകസ്മികതയുടെ അനിർവചനീയ അനുഭവമായി മാറി. വേർപിരിഞ്ഞിട്ടും പിരിയാനാകാതെ വീണ്ടും കലാലയ മുറ്റത്ത് സാന്നിധ്യമറിയിച്ച പ്രിയ അധ്യാപികയുടെ ഓർമ്മകൾ നൽകുന്ന സന്തോഷത്തിലാണ് സിഎംഎസിലെ വനിതാ സ്റ്റഡി സെന്റർ പ്രവർത്തകർ.

Hot Topics

Related Articles