
ചിത്രം: മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലെ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ്
കോട്ടയം : ഭാരതത്തിന്റെ അപ്പോസ്തോലനും മലങ്കരസഭയുടെ സ്ഥാപക പിതാവുമായ വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ സഭ വിപുലമായി ആചരിക്കുന്നു. സഭയുടെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർത്ഥന എന്നിവയുണ്ടാകും. വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 6 ന് പ്രഭാതനമസ്ക്കാരം, 7 മണിക്ക് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർത്ഥന, നേർച്ചവിളമ്പ്. മലങ്കരസഭാ തർക്കത്തിൽ 2017 ജൂലൈ 3ന് അന്തിമതീർപ്പ് പ്രഖ്യാപിച്ച ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയോടുള്ള ആദരസൂചകമായി അന്നേദിനം കൃതജ്ഞതാദിനവും ആചരിക്കുമെന്ന് അരമന മാനേജർ യാക്കോബ് റമ്പാൻ അറിയിച്ചു.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വ്യാഴം വൈകീട്ട് 6.30ന് 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധിയുടെ കൃതജ്ഞതാ ദിനാചരണം നടക്കും. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ മുഖ്യപ്രഭാഷണം നടത്തും.