ചിത്രം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കുന്നു.
കോട്ടയം : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഇന്ന് സമാപിക്കും. രാവിലെ 6.30ന് പ്രഭാതനമസ്‌ക്കാരം, 7.30ന് വിശുദ്ധ കുർബാനയ്ക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. പരിശുദ്ധ ഇഗ്‌നാത്തിയോസ് അബ്ദേദ് മശിഹാ ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ 110 മത് ഓർമ്മയും, സ്വാതന്ത്ര്യ?ദിനാചരണവും ഇതോടൊപ്പം നടക്കും.? സഭാ ആസ്ഥാനത്ത് പരിശുദ്ധ കാതോലിക്കാ ബാവാ ദേശീയപതാക ഉയർത്തും. വിശുദ്ധ കുർബാനയെത്തുടർന്ന് മധ്യസ്ഥപ്രാർത്ഥന, കബറിങ്കൽ ധൂപപ്രാർത്ഥന,രാഷ്ട്രത്തിനുവേണ്ടിയുള്ള പ്രാർത്ഥന, പ്രദക്ഷിണം, നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ അറിയിച്ചു.