മുംബൈ: സംഭാജിനഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് പിന്നാലെ നാഗ്പൂരിൽ വിവിധിയിടങ്ങളിൽ സംഘർഷം. അക്രമണ സംഭവങ്ങളെ തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരം നാഗ്പൂരിലെ പല ഭാഗങ്ങളിലും അധികൃതർ കർഫ്യൂ ഏർപ്പെടുത്തിയതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് നാഗ്പൂർ പൊലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാൾ ഉത്തരവ് പുറപ്പെടുവിച്ചു.
മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്രംഗ്ദൾ പ്രവർത്തകർ നാഗ്പൂരിലെ ശിവാജി മഹാരാജ് പ്രതിമയ്ക്ക് സമീപം ഒത്തുകൂടുകയും പ്രതീകാത്മകമായി ശവകുടീരം കത്തിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് വൈകുന്നേരം 7:30 ഓടെ മറ്റൊരുവിഭാഗം ഭൽദാർപുരയിൽ ഒത്തുകൂടുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. പ്രതീകാത്മകമായി കത്തിച്ച തുണിയിൽ മതപരമായ ചിഹ്നങ്ങളുണ്ടെന്ന് കിംവദന്തി പ്രചരിച്ചതോടെ സംഘർഷം രൂക്ഷമായത്. അക്രമം അഴിച്ചുവിടുകയും ഗതാഗതം തടസ്സപ്പെടുത്തിയതായും ഔദ്യോഗിക പ്രസ്താവനയിൽ പൊലീസ് പറയുന്നു.
സംഘർഷം വ്യാപിച്ചതിനെ തുടർന്ന് മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകി. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുകൂടാൻ പാടില്ല. കിംവദന്തികൾ പ്രചരിപ്പിക്കുന്നതും പൊതു ക്രമത്തെ തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നുവെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. നിരവധി റോഡുകളിൽ പ്രവേശനം നിരോധിച്ചു.
നാഗ്പൂരിലെ ഹൻസപുരി പ്രദേശത്താണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ കടകൾ നശിപ്പിക്കുകയും വാഹനങ്ങൾ കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. മഹൽ പ്രദേശത്തും ഏറ്റുമുട്ടലുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി നാഗ്പൂർ പൊലീസ് കമ്മീഷണർ രവീന്ദർ സിംഗൽ അറിയിച്ചു.
ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി ഫഡ്നവിസ് അറിയിച്ചു. നിർദ്ദിഷ്ട വീടുകളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ചിലർ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതീകാത്മകമായി കത്തിച്ച തുണിയിൽ മതപരമായ ചിഹ്നങ്ങളുണ്ടെന്ന് കിംവദന്തി പ്രചരിച്ചതോടെ നമസ്കാരത്തിന് ശേഷം 250 പേരടങ്ങുന്ന ഒരു ജനക്കൂട്ടം സ്ഥലത്തെത്തി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. വാഹനങ്ങൾക്ക് തീയിടുമെന്ന് പ്രചരിച്ചതോടെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന് ഫഡ്നവിസ് നിയമസഭയിൽ പറഞ്ഞു. സംഭവത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. ബിജെപി നയിക്കുന്ന ഭരണസഖ്യം മഹാരാഷ്ട്രയിൽ മണിപ്പൂരിനെ സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി.