‘ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന് മാനം കാക്കും നന്മതന് പൂമരമല്ലോ, കണ്ണൂരിന്റെ താരകമല്ലേ ജയജയരാജന്‍, ധീരസഖാവ്’- പാര്‍ട്ടി നിരോധിച്ച ഗാനമാണിതെങ്കിലും വടക്കന്‍ നാട്ടിലെ ഓരോ കമ്മ്യുൂണിസ്റ്റിന്റെയും ഹൃദയമിടിക്കുന്നത് ഇപ്പോഴും ഈ താളത്തില്‍ തന്നെയാണ്. പി. ജയരാജന് പാര്‍ട്ടിയായിരുന്ന കാലമുണ്ടായിരുന്നു കണ്ണൂരിന്. അനിഷേധ്യനായ, ആരാധ്യനായ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്. കണ്ണൂരിലെ ചെമ്മണ്ണിനെ കൂടുതല്‍ ചോപ്പിച്ച ധീരസഖാവ്. മുദ്രാവാക്യത്തില്‍ മാത്രം ഒതുങ്ങുന്ന ധീരതയല്ല പിജെയുടേത്, കൊണ്ടും കൊടുത്തും അക്ഷരാര്‍ത്ഥത്തില്‍ ധീരനെന്ന് പേരിന് ഏറ്റവും അനുയോജ്യന്‍. അതുകൊണ്ടാണല്ലോ 23 കൊല്ലം മുന്‍പത്തെ ഒരു തിരുവോണ നാളില്‍ ആര്‍എസ്എസിന്റെ വാള് ശരീരത്തെ വെട്ടി തുണ്ടമാക്കിയിട്ടും അയാള്‍ മുറികൂടി മുന്നോട്ട് വന്ന് മുന്നില്‍ നിന്ന് നയിച്ചത്..!
സീനിയോരിറ്റി ഉണ്ടായിട്ടും ക്രൗഡ് പുള്ളറായിട്ടും പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞത് ഈ സമ്മേളന കാലം അവസാനിക്കുമ്പോള്‍ കണ്ണൂരില്‍ മാത്രമല്ല ചര്‍ച്ചയാകാന്‍ പോകുന്നത്. അണികളും ആര്‍മിയും ഒപ്പം നിന്നിട്ടും ജയരാജന് വേണ്ടി നാവുയര്‍ത്താന്‍ കണ്ണൂരിലെ ഒരു നേതാവ് പോലും മുന്നോട്ട് വന്നില്ലെന്നതാണ് സത്യം. വി.എസിന്റെ രാഷ്ട്രീയ ജാതകം പി.ജെക്ക് വേണ്ടിയും പാര്‍ട്ടി പകര്‍ത്തിയോ എന്ന ആശങ്കയും അണികളിലുണ്ട്. വ്യക്തിപൂജയുടെ പേരില്‍ എല്ലാക്കാലവും പഴികേട്ടയാളാണ് പി. ജയരാജന്. പിണറായിക്ക് വേണ്ടി ക്ണ്ണൂരില്‍ കയ്യ്മെയ് മറന്ന് പ്രവര്‍ത്തിച്ചത് ജയരാജനാണെന്ന സത്യം മൂടിവയ്ക്കപ്പെടേണ്ടതല്ല. അണികള്‍ പി.ജെയുടെ പേരില്‍ സംഗീത ആല്‍ബവും നൃത്തശില്പവും പുറത്തിറക്കിയപ്പോള്‍ കര്‍ശനനിലപാട് സ്വീകരിച്ച പാര്‍ട്ടി, കോവിഡ് കാലത്ത് നടന്ന ‘പിണറായി തിരുവാതിര’ യോട് മൃദുസമീപനം പുലര്‍ത്തി. അച്ചടക്കത്തിലും അവകാശങ്ങളിലും അധികാരത്തിലും തുല്യതയെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന പാര്‍ട്ടിയുടെ ‘ നിഷ്പക്ഷത’..!
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂരിലെ പാര്‍ട്ടി പരിപാടികള്‍ക്ക് അദ്ദേഹം നേതൃത്വം നല്കിയിട്ടു തന്നെ കാലങ്ങളായി. സംഘപരിവാറിന് പ്രഹരമേല്‍പ്പിക്കാന്‍ മതേതര ശ്രീകൃഷ്ണ ജയന്തിയുള്പ്പെടെ സംഘടിപ്പിച്ചെങ്കിലും അതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. സംഘപരിവാര്‍ അനുകരണമാണ്, പ്രതിരോധമല്ല ഇതെന്ന് ആദ്യം മുറുമുറുപ്പുണ്ടായത് പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും കെ. മുരളീധരനോട് പരാജയപ്പെട്ടതോടെ തലശേരി, കൂത്തുപറമ്പ് മേഖല കേന്ദ്രീകരിച്ച് മാത്രമാണ് പി.ജെയുടെ പാര്‍ട്ടി പ്രവര്‍ത്തനം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കേയാണ് പി. ജയരാജന് 2019ലെ ലോക് സഭാ ഇലക്ഷനില്‍ മത്സരിക്കാനിറങ്ങിയത്. മറ്റ് ജില്ലകളിലെല്ലാം മത്സരിച്ച് പരാജയപ്പെട്ട ജില്ലാ സെക്രട്ടറിമാര്‍ക്ക് പാര്‍ട്ടി സ്ഥാനം തിരികെ നല്കിയപ്പോള് കണ്ണൂരില്‍ മാത്രം മറ്റൊരാളെ പരിഗണിക്കുകയായിരുന്നു പാര്‍ട്ടി. പി ജയരാജന് പകരം താല്‍ക്കാലിക അദ്ധ്യക്ഷനായി രംഗത്തെത്തിയ ഇ.പി ജയരാജനെ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് പാര്‍ട്ടി നിയോഗിച്ചത്. ഇത് പി.ജയരാജന് അനുകൂലികളില്‍ കടുത്ത അമര്‍ഷത്തിനും ഇടയാക്കി. ഈ അമര്‍ഷം ഇരട്ടിപ്പിക്കുന്നതാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി.ജെയെ തഴഞ്ഞ നടപടി. കണ്ണൂരില്‍ എം.വി. ജയരാജന് ജില്ലാ സെക്രട്ടറിയായശേഷം പൊതുപരിപാടികളില്‍ പോലും പി. ജയരാജന്റെ സാന്നിധ്യം കുറഞ്ഞിരുന്നുവെന്നത് മറ്റൊരു സത്യം.
രാഷ്ട്രീയ കുടിപ്പകയ്ക്കും ആക്രമണങ്ങള്‍ക്കും പേര് കേട്ട കണ്ണൂര്‍ ജില്ലയിലെ അക്രമണ രാഷ്ട്രീയത്തിലെ ഒഴിവാക്കാനാവാത്ത പേരായി മാത്രം പി. ജയരാജന്റെ പേര് ചുരുക്കി. ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ് ആര്.എസ്.എസ് നേതാവായ കതിരൂരിലെ മനോജ് കൊല്ലപ്പെടുന്നത്. സി.ബി.ഐ സംഘം പി. ജയരാജനെ കേസില്‍ ചോദ്യം ചെയ്തത് വന്‍ വിവാദമായി. ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായി. ടി.പി.ചന്ദ്രശേഖരന് വധക്കേസിലും ജയരാജന് ആരോപണ വിധേയനായിരുന്നു. തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കടം പലിശ സഹിതം തിരിച്ചു കൊടുക്കണമെന്ന് പറഞ്ഞത് പാര്‍ട്ടിയുടെ മുഖച്ഛായ കെടുത്തിയെന്ന് നേതൃത്വം വിലയിരുത്തി. പിജെ ആര്‍മിയെ റെഡ് ആര്മിയാക്കിയും വ്യക്തിപൂജ പി.ജെക്ക് മാത്രം നിഷിദ്ധമാക്കിയും ചെറിയാന് ഫിലിപ്പ് പോലും വലിച്ചെറിഞ്ഞ ഖാദി ബോര്‍ഡിലെ മരക്കസേരയില്‍ പിടിച്ചിരുത്തിയും പാര്‍ട്ടി പ്രതിരോധം തുടരുകയാണ്. തുടര്‍ച്ചയായ തഴയലിനൊടുവില് പി.ജെയും വി.എസിനെപ്പോലെ രാഷ്ട്രീയ വനവാസത്തിലേക്കോ..?