കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് കേസില്‍ സി.പി,എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജുവിനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. എട്ടര മണിക്കൂറാണ് ബിജുവിനെ ഇ.ഡി ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍, പാർട്ടി അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്നീ വിഷയങ്ങളില്‍ വ്യക്തത വരുത്താനാണ് ഇ.ഡി നീക്കം.
രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറിലേറെയാണ് ഇ.ഡി ബിജുവിനെ ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നല്‍കിയതായി സി.പി.എം കൗണ്‍സിലർ പി.ആർ. അരവിന്ദാക്ഷൻ മൊഴി നല്‍കിയിരുന്നു. ആർ.സി ബുക്ക് പണയം വച്ചാണ് പണം വാങ്ങിയതെന്നും ഈ പണം തിരിച്ച് നല്‍കിയിട്ടില്ലെന്നും ബിജു പറഞ്ഞു,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം കരുവന്നൂർ ബാങ്കിന് പുറമേ സംസ്ഥാനത്തെ മറ്റ് സഹകരണ ബാങ്കുകളിലെ തട്ടിപ്പും തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. തട്ടിപ്പ് നടത്തിയ ബാങ്കുകള്‍ക്കെതിരെ സമരം ശക്തമാക്കും. സഹകരണമേഖലയില്‍ സ്വാധീനം ഉറപ്പിക്കാൻ ബി.ജെ.പി സഹകരണ സെല്ലുകളുടെ പ്രവർത്തനവും ശക്തിപ്പെടുത്തും.
കരുവന്നൂർ തട്ടിപ്പില്‍ സി.പി.എം നേതാക്കളെ വിളിച്ചുവരുത്തി ഇ.ഡി ചോദ്യം ചെയ്യല്‍ തുടരുമ്ബോഴാണ് മറ്റ് തട്ടിപ്പുകളും ബി.ജെ.പി ഉയർത്തിക്കൊണ്ടുവരുന്നത്. സി.പി.ഐ, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബാങ്കുകളടക്കമാണിത്. പലയിടത്തും നിക്ഷേപകരെ ഉള്‍പ്പെടുത്തി സമരസമിതി രൂപീകരിച്ചുവരികയാണ്. സി.പി.എം നേതൃത്വത്തിലുള്ള തൃശൂർ കുട്ടനെല്ലൂർ സഹ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 18ന് സമരസമിതിയുണ്ടാക്കും. ഇവിടെ 100 കോടി തട്ടിച്ചെന്നാണ് ആരോപണം.
സി.പി.ഐ നേതൃത്വത്തിലുള്ള പറപ്പൂക്കര പഞ്ചായത്ത് പട്ടികജാതി സഹ.സംഘത്തില്‍ രണ്ടരക്കോടി തട്ടിച്ചതായും ആരോപണമുണ്ട്. അറസ്റ്റ് വാറണ്ടും കേസെടുക്കാൻ കോടതി ഉത്തരവുമുണ്ടെങ്കിലും പൊലീസ് നടപടിയില്ല. പുത്തൂർ സഹ. ബാങ്കില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് 36 കോടിയുടെ തട്ടിപ്പുണ്ടായി. ഇ.ഡിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് നീക്കം. നിലവില്‍ സി.പി.എമ്മാണ് ഭരിക്കുന്നത്.
കണ്ടല, മാവേലിക്കര, കോന്നി, മാരായമുട്ടം ഉള്‍പ്പെടെയുള്ള സഹ. ബാങ്ക് തട്ടിപ്പിനെതിരെയും സമരം ശക്തമാക്കാനാണ് തീരുമാനം. സഹകരണ തട്ടിപ്പ് സംബന്ധിച്ച് പൊലീസിലുള്ള കേസുകളുടെ കണക്കെടുത്ത് അവയെക്കുറിച്ചും ഇ.ഡിക്ക് പരാതി നല്‍കിയേക്കും.