കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. അതേസമയം, പി പി ദിവ്യ നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്‍റെ കുടുംബം അറിയിച്ചു. നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരും.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്. മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവിൽ പി പി ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് ഉള്ളത്. സാധാരണ പുറപ്പെടുവിക്കാറുള്ള മുൻകൂർ ജാമ്യ ഉത്തരവുകളേക്കാൾ സമഗ്രമായ വിധിയിൽ കേസിന്റെ നിയമപരമായ നിലനിൽപ് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിക്കളഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുതിക്കൂട്ടി വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തി. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. കേസ് നിലവിലുണ്ടെന്ന് അംഗീകരിച്ചാലും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന ദിവ്യയുടെ വാദം സുമിത പ്രദീപ് വേഴ്സസ് അരുൺ കുമാർ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് കോടതി തള്ളിയത്.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് മുൻകൂർ ജാമ്യം നൽകുമ്പോൾ കണക്കിലെടുക്കേണ്ട പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. ഇക്കാര്യം മാത്രം പരിഗണിച്ച് ജാമ്യം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും ഉത്തരവില്‍ കോടതി പങ്കുവെച്ചു.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്.