ന്യൂ ഡല്‍ഹി: മലയാളി അത്ലറ്റ് പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കായിക മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് നാമനിര്‍ദേശം വഴിയാണ് ഉഷ രാജ്യസഭയിലെത്തുന്നത്.സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹിയിലെത്തിയ പി.ടി ഉഷ ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഉഷയ്ക്കൊപ്പം സംഗീതജ്ഞന് ഇളയരാജ, സാമൂഹ്യസേവന രംഗത്ത് നിന്നും വീരേന്ദ്ര ഹെഗ്ഡെ, സാംസ്ക്കാരിക രംഗത്ത് നിന്നും വിജയേന്ദ്ര പ്രസാദ് എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
14 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ അത്ലറ്റാണ് പി.ടി ഉഷ. ഏഷ്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു. പി.ടി ഉഷയുടെ കുടുംബവും ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കും.