ആലപ്പുഴ : പാടശേഖരത്തിലെ വെള്ളം വീട്ടുമുറ്റത്തു കയറി പായലും പുല്ലും നിറഞ്ഞ വീട് വാസയോഗ്യമല്ലാതായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ നീർക്കുന്നം കണ്ടത്തിൽ രാധാകൃഷ്ണന്റെയും ജ്യോതിയുടെയും വീടാണ് മലിനജലവും പോളയും ഇഴജന്തുക്കളും കാരണം വാസയോഗ്യമല്ലാതായി മാറിയിരിക്കുന്നത്.
അടുത്തുള്ള കറുകയിൽ കടവ് പാടശേഖരത്തിൽ ഒരു വർഷത്തിലധികമായി കൃഷി ചെയ്യാതെ വെള്ളം കയറ്റി ഇട്ടിരിക്കുന്നത് മൂലമാണ് ഇവരുടെ വീട്ടുമുറ്റത്തും വെള്ളം എത്തിയിരിക്കുന്നത്. വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിനോടും കൃഷി ഓഫീസറോടും നിരവധി തവണ പരാതി പറഞ്ഞിട്ടും കൂലിപ്പണിക്കാരായ ഇവരുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് പെൺകുട്ടികൾ അടക്കം മൂന്നു മക്കളും ജ്യോതിയും രാധാകൃഷ്ണനും ഇപ്പോൾ ബന്ധു വീടുകളിൽ പലയിടത്തായി താമസിക്കുകയാണ്. പത്തേക്കർ നെൽകൃഷി ചെയ്തിരുന്ന കറുകയിൽ കടവ് പാടശേഖരത്തിന്റെ പല ഭാഗങ്ങളും ഇപ്പോൾ മണ്ണിട്ട് നികത്തി കൊണ്ടിരിക്കുകയാണ്. ഹൈവേയ്ക്ക് പൊളിക്കുന്ന കെട്ടിടങ്ങളുടെ വേസ്റ്റും മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഉപയോഗിച്ച് കൃഷിഭൂമി പുരയിടമാക്കി എടുക്കുവാനുള്ള ഒരു സംഘടിത ലോബിയുടെ നീക്കമാണ് ഒരു വർഷമായി പാടശേഖരത്തിൽ കൃഷി ചെയ്യാത്തതെന്നാണ് നാട്ടുകാരുടെ ആരോപണം. വ്യാപകമായി നിലം നികത്തല്‍ നടന്നിട്ടും റവന്യൂ അധികാരികളോ പഞ്ചായത്തോ യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രദേശത്തെ ആകെ വെള്ളക്കെട്ടിൽ ആക്കുകയാണ്.