മലപ്പുറം : കർഷകരില്‍ നിന്നും സംഭരിച്ച നെല്ലിൻ്റെ പണം ഉടൻ കൊടുത്തു തീർപ്പാക്കുമെന്ന് മന്ത്രി ജി ആർ അനില്‍.സംഭരണത്തിനായി നെല്ല് കൈമാറിയാല്‍ 24 മണിക്കൂറിനകം പണം കർഷകർക്ക് ലഭ്യമാക്കാനുള്ള സംവിധാനം സർക്കാർ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. തിരൂർ ബിപി അങ്ങാടിയില്‍ സപ്ലൈകോയുടെ കീഴിലുള്ള മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് ആയി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ഇതൊന്നും ജനങ്ങളെ അറിയിക്കാതെ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ. അർഹമായ വിഹിതം തരാതെ കേന്ദ്രസർക്കാർ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. കുത്തകകളുടെ ചൂഷണത്തിന് അറുതി വരുത്താനാണ് സൂപ്പർമാർക്കറ്റുകള്‍ അടക്കമുള്ള ആധുനിക കച്ചവട രീതികളുമായി പൊതുവിതരണ വകുപ്പ് മുന്നോട്ടുപോകുന്നത്. ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് 98 പുതിയ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം പുതുതായി 50 ഔട്ട്ലെറ്റുകള്‍ കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കാലഘട്ടത്തിനനുസരിച്ച് മാറാൻ പൊതുവിതരണ വകുപ്പ് നടത്തുന്ന ശ്രമം മാതൃകാപരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന കായിക വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പുമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കുറുക്കോളി മൊയ്തീൻ എംഎല്‍എ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സൂപ്പർ മാർക്കറ്റിലെ ആദ്യ വില്പനയും കുറുക്കോളി മൊയ്തീൻ എംഎല്‍എ നിർവഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു സൈനുദ്ദീൻ, തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പുഷ്പ, വൈസ് പ്രസിഡൻ്റ് എ കെ ബാബു, വാർഡ് മെമ്ബർ മുംതസിർ ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ പാലക്കാട് മേഖലാ മാനേജർ വി കെ ശശിധരൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ എ സജാദ് നന്ദിയും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റ്, പോരൂർ ഗ്രാമപഞ്ചായത്തിലെ ചെറുകോട് മാവേലി സ്റ്റോറുകള്‍ സൂപ്പർ സ്റ്റോറുകള്‍ ആയി ഉയർത്തുന്നതിന്‍റെയും ഉദ്ഘാടനം മന്ത്രി ജി ആർ അനില്‍ നിർവഹിച്ചു. കേരള എസ്റ്റേറ്റ് മാവേലി സൂപ്പർ സ്റ്റോർ പരിസരത്ത് നടന്ന ചടങ്ങില്‍ എ പി അനില്‍കുമാർ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. തങ്കമ്മു ആദ്യ വില്പന നടത്തി. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിഎസ് പൊന്നമ്മ ടീച്ചർ, വൈസ് പ്രസിഡൻ്റ് മഠത്തില്‍ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശൈലേഷ് പട്ടിക്കാടൻ, വാർഡ് മെമ്ബർ ഹസീന സ്രാമ്ബിക്കല്‍, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് ശിവദാസൻ പിലാപറമ്ബില്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ പാലക്കാട് മേഖല മാനേജർ വി കെ ശശിധരൻ സ്വാഗതവും സപ്ലൈകോ നിലമ്ബൂർ താലൂക്ക് ഡിപ്പോ മാനേജർ ഒറ്റയില്‍ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
പോരൂർ ഗ്രാമപഞ്ചായത്തിലെ ചെറുകോട് സപ്ലൈകോ സൂപ്പർ സ്റ്റോർ പരിസരത്ത് നടന്ന ചടങ്ങില്‍ എ പി അനില്‍കുമാർ എംഎല്‍എ അധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹസ്കർ ആമയൂർ ആദ്യ വില്പന നടത്തി. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുല്‍ ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം കെ ടി അജ്മല്‍, പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുലൈഖ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ എ മുബാറക്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി ശങ്കരനാരായണൻ, ഭാഗ്യലക്ഷ്മി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ സംസാരിച്ചു.