ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണം അത്യധികം അസ്വസ്ഥജനകവും ദുരന്തപൂർണ്ണവുമാണെന്ന് മുൻ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയോട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നാണ് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പഹല്‍ഗാം സംഭവത്തിലെ ജീവഹാനി അത്യധികം അസ്വസ്ഥജനകവും ദുരന്തപൂർണ്ണവുമാണ്. മരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തില്‍ ഞാൻ ആഴമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഇമ്രാൻ എക്സില്‍ കുറിച്ചു.
“തെറ്റായ ഫ്ലാഗ് പുല്‍വാമ ഓപ്പറേഷൻ സംഭവിച്ചപ്പോള്‍, ഇന്ത്യക്ക് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഇന്ത്യക്ക് വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. 2019ല്‍ ഞാൻ പ്രവചിച്ചതുപോലെ, പഹല്‍ഗാം സംഭവത്തിന് ശേഷവും അതേ കാര്യം ആവർത്തിക്കുകയാണ്. ആത്മപരിശോധനയ്ക്കും അന്വേഷണത്തിനും പകരം, മോദി സർക്കാർ വീണ്ടും പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്” – പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് മേധാവി പറഞ്ഞു. 1.5 ബില്യണ്‍ ജനങ്ങളുള്ള ഒരു രാജ്യമെന്ന നിലയില്‍, ‘ന്യൂക്ലിയർ ഫ്ലാഷ്പോയിന്‍റ്’ എന്ന് അറിയപ്പെടുന്ന ഒരു പ്രദേശത്ത് കുഴപ്പമുണ്ടാക്കുന്നതിന് പകരം ഇന്ത്യ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘സമാധാനമാണ് ഞങ്ങളുടെ മുൻഗണന, പക്ഷേ അത് ഭീരുത്വമായി തെറ്റിദ്ധരിക്കരുത്. 2019ല്‍ എന്‍റെ സർക്കാർ മുഴുവൻ രാജ്യത്തിന്‍റെയും പിന്തുണയോടെ ചെയ്തതുപോലെ, ഇന്ത്യക്ക് ശക്തമായ മറുപടി നല്‍കാനുള്ള എല്ലാ ശേഷിയും പാകിസ്ഥാനുണ്ട്. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളില്‍ ഉറപ്പുനല്‍കിയിട്ടുള്ള കശ്മീരികളുടെ സ്വയം നിർണ്ണയാവകാശത്തിന്റെ പ്രാധാന്യം ഞാൻ എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്’ – 2023 ഓഗസ്റ്റ് മുതല്‍ നിരവധി കേസുകളില്‍ ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാൻ പറഞ്ഞു. ‘ആർഎസ്‌എസ് പ്രത്യയശാസ്ത്രം നയിക്കുന്ന ഇന്ത്യ ഈ പ്രദേശത്തിന് മാത്രമല്ല അതിനപ്പുറവും വലിയ ഭീഷണിയാണെന്ന വസ്തുത ഞാൻ എപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്’ എന്നും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി അവകാശപ്പെട്ടു.