വാഷിങ്ടണ്‍: പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.പാക് സൈനിക മേധാവി അസിം മുനീറും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.സെപ്റ്റംബർ 25-ന് നടക്കുന്ന യുഎൻ പൊതുസമ്മേളനത്തോടനുബന്ധിച്ചാകും കൂടിക്കാഴ്ചയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താനിലെ പ്രളയം മുതല്‍ ഖത്തറിനെതിരേ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളടക്കം ചർച്ചയായേക്കുമെന്നാണ് സൂചന. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം ചർച്ച ചെയ്തേക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല. പാക് സേനയുടെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസോ, വാഷിങ്ടണിലെ പാക് എംബസിയോ ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രംപുമായി പാക് സൈനിക മേധാവി അസിം മുനീർ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ഇടക്കിടെ അദ്ദേഹം അമേരിക്ക സന്ദർശിച്ചതും ഏറെ ചർച്ചയായിരുന്നു. അസിം മുനീറിന് വൈറ്റ് ഹൗസില്‍ ട്രംപ് വിരുന്നൊരുക്കുകയും ചെയ്തിരുന്നു. പാക് പ്രധാനമന്ത്രിയേക്കാള്‍ സൈനിക മേധാവിയെ പരിഗണിക്കുന്ന ട്രംപിന്റെ നീക്കം വൻതോതില്‍ ചർച്ചയായിരുന്നു. സൈനിക ഭരണത്തിലേക്കാണോ പാക് നീങ്ങുന്നത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പടർന്നിരുന്നു.