ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ വലഞ്ഞ് പാകിസ്ഥാൻ; ബാധിക്കപ്പെട്ടത് രണ്ടു ദശലക്ഷം ആളുകളെ

ലാഹോർ: ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക കെടുതിയിൽ പാകിസ്ഥാൻ. പാകിസ്ഥാനിലെ നദികളിൽ വെള്ളം എക്കാലത്തേയും ഉയർന്ന നിലയിലാണുള്ളത്. ആഗോള താപനം മൂലം മഴക്കാലം സാരമായ കെടുതിയാണ് പാകിസ്ഥാനിൽ വിതച്ചത്. കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കുന്ന മേഖലയിലാണ് പാകിസ്ഥാനുള്ളത്. മേഘവിസ്ഫോടനവും അതിശക്ത മഴയും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും പാകിസ്ഥാനിൽ കാരണമായിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലാണ് പ്രളയക്കെടുതി രൂക്ഷമായത്. കിഴക്കൻ പഞ്ചാബിലും അസാധാരണ മഴയാണ് പെയ്യുന്നത്. ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഡാമുകൾ തുറന്നതും പാകിസ്ഥാന്റെ താഴ്ന്ന മേഖലയിൽ പ്രളയത്തിന് കാരണമായിട്ടുണ്ട്. 

Advertisements

2 ദശലക്ഷം ആളുകളാണ് വെള്ളപ്പൊക്കത്തിൽ ബാധിക്കപ്പെട്ടിട്ടുള്ളത്. സത്ലജ്, ചെനാബ്, രവി നദികളിലൂടെ അസാധാരണമായ രീതിയിലാണ് വെള്ളം എത്തുന്നതെന്നാണ് പ്രവിശ്യാ മന്ത്രി മരിയം ഔംറഗസേബ് വിശദമാക്കിയത്. ഇതിനിടെ പഞ്ചാബിലെ പ്രൊവിൻഷ്യൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വെള്ളപ്പൊക്ക സാധ്യതയാണ് പഞ്ചാബിൽ നൽകിയിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് മുന്നറിയിപ്പില്ലാതെ നദികളിലേക്ക് വെള്ളമെത്തിയതിന് പിന്നാലെയാണ് ഇതെന്നാണ് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടർ ജനറൽ ഇർഫാൻ കത്തിയ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുന്നറിയിപ്പില്ലാതെ ചെനാബ് നദിയിലേക്ക് വലിയ രീതിയിൽ ഇന്ത്യ വെള്ളം തുറന്നുവിട്ടതായാണ് ഇർഫാൻ കത്തിയ ആരോപിക്കുന്നത്. സലാൽ അണക്കെട്ട്, നംഗൽ അണക്കെട്ട്, ഹരികേ ബരാജ് അണക്കെട്ടിൽ നിന്നാണ് ചെനാബിലേക്ക് വലിയ രീതിയിൽ വെള്ളം തുറന്നു വിട്ടതെന്നാണ് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക ഭരണകൂടങ്ങൾ പ്രളയ ബാധിത മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാ‍ർപ്പിക്കുകയാണ്. 

രാജ്യത്തെ കാർഷിക മേഖലയിൽ നി‍ർണായകമാണ് പഞ്ചാബ് പ്രവിശ്യ. പാകിസ്ഥാനിൽ ഗോതമ്പ് പ്രധാനമായി എത്തിക്കുന്നത് പഞ്ചാബ് പ്രവിശ്യയിൽ നിന്നാണ്. ജൂലൈ 1നും ഓഗസ്റ്റ് 27നും ഇടയിൽ മാത്രം 25 ശതമാനം അധിക മൺസൂൺ മഴ പാകിസ്ഥാനിൽ പെയ്തതായാണ് കണക്കുകൾ വിശദമാക്കുന്നത്. ഇതിനോടകം 849 പേർ പ്രളയക്കെടുതിയിൽ മരിച്ചതായാണ് വിവരം. ജൂൺ 26 വരെ 1130 പേർക്കാണ് പ്രളയക്കെടുതിയിൽ പരിക്കേറ്റത്.

Hot Topics

Related Articles