കറാച്ചി : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാൻ ഖാനെ അറ്റോക്ക് ജയിലില്‍ നിന്ന് റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റി.ഇന്നലെ അതീവ സുരക്ഷാ അകമ്പടിയോടെയാണ് ഇമ്രാനെ രാജ്യതലസ്ഥാനമായ ഇസ്ലാമാബാദില് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള അഡിയാല ജയിലിലേക്ക് മാറ്റിയത്. ഇമ്രാനെ കൂടുതല്‍ സൗകര്യങ്ങളുള്ള അഡിയാലയിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും പാര്‍ട്ടി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.
വിദേശ സന്ദര്‍ശനങ്ങള്‍ക്കിടെ ഉപഹാരമായി ലഭിച്ച അമൂല്യ വസ്തുക്കള്‍ മറിച്ച് വിറ്റ് കോടികള്‍ സമ്പാദിച്ചെന്ന തോഷാഖാന അഴിമതിക്കേസില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതോടെ ആഗസ്റ്റിലാണ് ഇമ്രാനെ അറ്റോക്ക് ജയിലിലേക്ക് മാറ്റിയത്. തോഷാഖാന കേസിലെ ഇമ്രാന്റെ ശിക്ഷ ആഗസ്റ്റ് അവസാനം ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചെങ്കിലും രഹസ്യരേഖാ ചോര്‍ച്ചാ കേസില്‍ ജയില്‍ വാസം തുടരും. യു.എസിലെ പാക് അംബാസഡര്‍ അയച്ച രഹസ്യവിവരങ്ങള്‍ ഇമ്രാൻ ചോര്‍ത്തിയെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമാണ് കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പത്ത് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കേസാണിത്.